ഇടുക്കി: ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് വാഹനത്തിൽ ലഹരി മരുന്ന് ഒളിപ്പിച്ച സംഭവത്തിൽ വീട്ടമ്മയായ സൗമ്യ സുനിലിനെ സഹായിച്ച ഒരാള്‍ കൂടി പിടിയില്‍. കോഴിക്കോട് പാലാഴി സ്വദേശി സരോവരം വീട്ടിൽ ശ്യാം റോഷ് (25) ആണ് പിടിയിലായത്. മയക്കുമരുന്നിന്റെ ഉറവിടം തേടി വണ്ടൻമേട് പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ തുടരനേഷണത്തിലാണ് ഇവർക്ക് എംഡിഎംഎ കോഴിക്കോടു നിന്നും എത്തിച്ചു നൽകിയ ശ്യാം റോഷ് അറസ്റ്റിലായത്. സൗമ്യയ്ക്ക് എംഡിഎംഎ നല്‍കിയത് ശ്യാം റോഷാണ്. ഇയാൾ കോഴിക്കോട് നിന്ന് മയക്കുമരുന്ന് കൊച്ചിയിൽ എത്തിച്ചു നൽകുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 24 നാണ് വാഹനത്തിൽ ലഹരി മരുന്നായ എംഡിഎംഎ ഒളിപ്പിച്ചു വച്ചത്. സംഭവത്തിൽ സൗമ്യ സുനിൽ നേരത്തെ അറസ്റ്റിലായിരുന്നു. സൗമ്യയുടെ കൈവശം മയക്കുമരുന്ന് എത്തിച്ചു നൽകിയ ഷാനവാസ്, ഷെഫീൻ ഷാ എന്നിവരും നേരത്തെ പിടിയിലായിരുന്നു. സൗമ്യയുടെ കാമുകന്‍റെ സഹായികളായിരുന്നു ഷാനവാസും ഷെഫീൻ ഷായും. ഗൾഫിലുള്ള കാമുകന്‍റെ നിര്‍ദേശ പ്രകാരം കോഴിക്കോട് നിന്ന് എത്തിച്ച മയക്കുമരുന്ന് ഇരുവരും ചേർന്ന് യുവതിയ്ക്ക് കൈമാറുകയായിരുന്നു.