ഇടുക്കി:പലതരത്തിലുള്ള വസ്‌തുക്കളെ ശേഖരിക്കുന്നവരെ നാം കാണാറുണ്ട്. എന്നാല്‍ ഇരുചക്രവാഹനങ്ങള്‍ ശേഖരിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ ഒരാളെ പരിചയപ്പെടുന്നത് ഒരു പുതിയ അനുഭവമായിരിക്കും. അടിമാലി സ്വദേശിയായ അനസ് കൂനാരിയാണ് ഈ വ്യത്യസ്‌ത ശേഖരത്തിനുടമ.
ഒരു കാലത്ത് നിരത്തുകളെ കൈയടക്കിയ അറുപത്തഞ്ചിലധികം സ്‌കൂട്ടറുകളും ബൈക്കുകളുമാണ് അനസിന്‍റെ ശേഖരത്തിലുള്ളത്. ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും അപൂര്‍വ ശേഖരമാണ് കൂനാരിയിലെ വീട്ടിലെത്തിയാല്‍ കാഴ്‌ചക്കാരെ വരവേല്‍ക്കുന്നത്. അടിമാലിയില്‍ വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന കട നടത്തുകയാണ് അനസ്.
ഒന്നും രണ്ടുമല്ല അറുപത്തഞ്ചിലധികം ഇരുചക്ര വാഹനങ്ങള്‍ മോടി ഒട്ടും കുറയാതെ അനസ് സൂക്ഷിച്ചിരിക്കുന്നു. പുതുമ നഷ്‌ടപ്പെടാതെ ചായം തേച്ച് സുന്ദരനായി നില്ക്കുന്ന 1959 മോഡല്‍ ലാംബ്രട്ട, പ്രതാപ കഥകള്‍ പറഞ്ഞ് വിജയ് സൂപ്പറും ബജാജും, ലക്ഷ്‌മി, ടിവിഎസ് എക്‌സ്പ്രസ്, ബോബി രാജ്‌ദൂത് തുടങ്ങി അനസിന്‍റെ ശേഖരം നീളുകയാണ്.
ലാംബ്രട്ട, ലക്ഷ്‌മി, രാജ്‌ദൂത്.... അപൂര്‍വ ഇരുചക്ര വാഹനങ്ങള്‍ ശേഖരിച്ച് അനസ് കരുത്ത് ഇത്തിരിയും ചോര്‍ന്നിട്ടില്ലെന്ന് പ്രഖ്യാപിച്ച് ഒരു കാലത്ത് നിരത്തിലെ രാജാക്കന്മാരായിരുന്ന ലാംബിയും വെസ്‌പയും ചേതക്കും യെസ്‌ഡിയും രാജ്‌ദൂതുമെല്ലാം ബിഎസ്എന്‍എല്‍ ഓഫിസിന് സമീപം താമസിക്കുന്ന അനസിന്‍റെ ശേഖരത്തിലുണ്ട്. മൂന്നാര്‍ കേന്ദ്രീകരിച്ച് പഴയ ഇരുചക്ര വാഹനങ്ങളുടെ മ്യൂസിയം തുടങ്ങണമെന്നാണ് അനസിന്‍റെ ആഗ്രഹം.
ബൈക്കുകളോടും മത്സരങ്ങളോടുമുള്ള താല്‍പര്യമാണ് അനസിനെ പഴയകാല വാഹനങ്ങള്‍ ശേഖരിക്കുന്നതിലേക്ക് എത്തിച്ചത്. ചെറുപ്പം മുതല്‍ പഴക്കം ചെന്ന വസ്‌തുക്കള്‍ അനസ് ശേഖരിച്ചിരുന്നു. പഴയകാല റേഡിയോ, ടിവി തുടങ്ങിയ വസ്‌തുക്കളും അനസിന്‍റെ ശേഖരത്തിലുണ്ട്.
സിനിമ സീരിയല്‍ കലാകാരന്‍ കൂടിയായ അനസ് 1993 മുതൽ 2000 വരെ മഡ് റൈസ് മത്സരങ്ങളിലും സജീവമായിരുന്നു. ടു സ്‌ട്രോക്ക് വാഹനങ്ങളോടാണ് അനസിന് പ്രിയം. യമഹ ആര്‍എക്‌സ് 100 ആണ് അനസിന്‍റെ ശേഖരത്തിലെ ആദ്യ വാഹനം. ഷൂട്ടിങ്ങിനായി ബൈക്കുകള്‍ വാടകയ്‌ക്കും നല്‍കുന്നു. അനസിന്‍റെ അപൂര്‍വമായ ഈ ഹോബിക്ക് കുടുംബത്തിന്‍റെ പൂര്‍ണ പിന്തുണയുമുണ്ട്.