ഇടുക്കി: കുടുംബ വഴക്കിനെ തുടർന്ന് ഇടുക്കി കഞ്ഞിക്കുഴിയിൽ ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്. വെണ്‍മണി തെക്കൻതോണി സ്വദേശി തോട്ടത്തിൽ ശ്രീധരനെയാണ് (65) മകള്‍ സൗമ്യയുടെ ഭര്‍ത്താവ് കുഞ്ഞുകുട്ടൻ എന്നു വിളിക്കുന്ന അലക്‌സ് (35) കുത്തി കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം.
അലക്‌സ് സ്ഥിരമായി മദ്യപിച്ച് വഴക്ക് ഉണ്ടാക്കിയിരുന്നതിനാൽ ഏറെ നാളായി സൗമ്യ പിതാവായ ശ്രീധരനൊപ്പമായിരുന്നു താമസം. ഇന്നലെ ഉച്ചയ്ക്കു ശേഷം വെണ്‍മണിയിൽ എത്തിയ അലക്‌സ് സമീപത്തെ ബന്ധു വീട്ടിൽ നിന്നിരുന്ന ശ്രീധരനോട് വഴക്കിടുകയും തുടർന്ന് ഇയാളെ കുത്തി വീഴ്ത്തുകയുമായിരുന്നു. ഉടൻതന്നെ നാട്ടുകാർ ചേർന്ന് ശ്രീധരനെ തൊടുപുഴ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ആക്രമണത്തിന് പിന്നാലെ സംഭവ സഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ കഞ്ഞിക്കുഴി പൊലീസ് വെൺമണിയിൽ നിന്നും പിടികൂടി. ശ്രീധരന്‍റെ മൃതദേഹം തൊടുപുഴ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
Also Read:മദ്യപിച്ചുണ്ടായ തര്‍ക്കം; ഭര്‍ത്താവ് വെട്ടേറ്റു മരിച്ചു; ഭാര്യ അറസ്റ്റില്‍
കാസര്‍കോട് 54കാരന്‍ വെട്ടേറ്റു മരിച്ചു:ഏപ്രില്‍ ഏഴിന് കാസര്‍കോട് പാണത്തൂരില്‍ 54കാരന്‍ വെട്ടേറ്റ് മരിച്ചിരുന്നു. സംഭവത്തില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. പാണത്തൂര്‍ സ്വദേശി ബാബു വര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. ബാബു രാവിലെ മുതല്‍ മദ്യപിച്ച് ഭാര്യ സീമന്തിനിയുമായി വഴക്കിട്ടിരുന്നു.
തുടര്‍ന്നാണ് ബാബുവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ കാലിനും തലയിലും വലത് ചെവിയോട് ചേര്‍ന്നും വെട്ടേറ്റിരുന്നു. വെട്ടേറ്റതിനെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണം എന്നാണ് ലഭിക്കുന്ന വിവരം.
പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി യുവാവ്: തൃശൂര്‍ ചേര്‍പ്പില്‍ കഴിഞ്ഞ ദിവസം പിതാവിനെ യുവാവ് മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു. ചിറമ്മല്‍ വീട്ടില്‍ ജോയ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ റിജോയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
റിജോ സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ജോയിയും റിജോയും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ റിജോ പിതാവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ തലയ്‌ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ജോയിയെ ഉടന്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Also Read:ഇടുക്കി വാത്തിക്കുടിയിൽ മരുമകന്‍റെ വെട്ടേറ്റ് വയോധിക മരിച്ചു
മരുമകന്‍റെ വെട്ടേറ്റ് വയോധികയ്‌ക്ക് ദാരുണാന്ത്യം: ഇടുക്കി വാത്തിക്കുടിയില്‍ മരുമകന്‍റെ വെട്ടേറ്റ് വയോധിക കൊല്ലപ്പെട്ടിരുന്നു. വാത്തിക്കുടി സ്വദേശി ഭാസ്‌കരന്‍റെ ഭാര്യ രാജമ്മയെയാണ് ഇളയ മകളുടെ ഭര്‍ത്താവ് സുധീഷ് വെട്ടി കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഭാസ്‌കരനും വെട്ടേറ്റിരുന്നു.
ഏറെ കാലമായി സുധീഷും ഭാര്യയും ഭാസ്‌കരനും രാജമ്മയ്‌ക്കും ഒപ്പമായിരുന്നു കഴിഞ്ഞിരുന്നത്. മദ്യപിച്ചെത്തിയ സുധീഷ് ഭാസ്‌കരനെ ആക്രമിക്കുന്നതിനിടെ പിടിച്ച് മാറ്റാന്‍ ചെന്നതായിരുന്നു രാജമ്മ. ഇവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം എന്നാണ് ലഭിക്കുന്ന വിവരം.