ഇടുക്കി: അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച ഒരാള്‍ മരിച്ചു. അടിമാലി പടയാട്ടില്‍ കുഞ്ഞുമോൻ (40) ആണ് മരിച്ചത്. ചികിത്സയില്‍ കഴിയവേ ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ജനുവരി എട്ടിനാണ് മൂവര്‍ സംഘത്തിന് വഴിയില്‍ കിടന്ന് മദ്യക്കുപ്പി ലഭിക്കുന്നത്. മദ്യം കഴിച്ച മൂന്നുപേര്‍ക്കും മണിക്കൂറുകള്‍ക്കുള്ളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആദ്യം മൂവരേയും അടിമാലി ജനറല്‍ ആശുപത്രിയിലാണ് നാട്ടുകാര്‍ എത്തിച്ചത്.
മൂന്നുപേരുടേയും നില വഷളായതോടെ ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞുമോനെക്കൂടാതെ അടിമാലി സ്വദേശികളായ അനില്‍ കുമാര്‍, മനോജ് എന്നിവര്‍ക്കും മദ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. മൂന്നുപേരും തടിപ്പണിക്കാരാണ്.
ഒപ്പം ജോലി ചെയ്യുന്ന അടിമാലി അപ്‌സരകുന്ന് സ്വദേശി സുധീഷ് നൽകിയ മദ്യം കഴിച്ചെന്നും പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടെന്നുമാണ് മൂവരും ആശുപത്രി അധികൃതരെ അറിയിച്ചിട്ടുള്ളത്. അതേസമയം ഞായറാഴ്‌ച രാവിലെ 7.30 തോടെ അടിമാലി അപ്‌സരകുന്ന് ഭാഗത്തു നിന്നും കടലാസിൽ പൊതിഞ്ഞ നിലയിൽ മദ്യകുപ്പി കിട്ടിയെന്നും വിവരം താൻ സുഹൃത്തായ മനോജിനെ അറിയിച്ചെന്നും ഉടൻ മനോജ് എത്തി തന്നോടൊപ്പം വീട്ടിലെത്തി മദ്യം വാങ്ങി കഴിച്ചെന്നുമാണ് സുധീഷ് പൊലീസിനെ അറിയിച്ചിട്ടുള്ളത്. മറ്റൊന്നും അറിയില്ലെന്നും സുധീഷ് പൊലീസിനോട് പറഞ്ഞു.
ALSO READ:വഴിയിൽ കിടന്നു കിട്ടിയ മദ്യം പങ്കിട്ട് മദ്യപിച്ചു; 3 പേർ അവശ നിലയില്‍
കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പലവട്ടം സുധീഷിനെ ചോദ്യം ചെയ്‌തിരുന്നു. ഇപ്പോഴും ഇയാൾ പൊലീസ് നീരീക്ഷണത്തിലാണ്. പ്രാഥമിക അന്വേഷണത്തിൽ സുധീഷിന്‍റെ വെളിപ്പെടുത്തൽ ശരിവയ്‌ക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. സംഭവത്തിന് പിന്നിലെ ദുരൂഹതകൾ പൊലീസ് അന്വേഷിച്ച് വരികയാണ്.