ഇടുക്കി:ഒരു വിമാനം വേണമെന്ന് ഇടുക്കി നെടുങ്കണ്ടം യുപി സ്‌കൂൾ അധികൃതർ. ന്നാ പ്പിന്നെ ദാ പിടിച്ചോന്ന് രാമക്കല്‍മേട് സ്വദേശി പ്രിൻസ്. വെള്ളം കോരുന്ന തൊട്ടി, പ്ലാസ്റ്റിക്ക് ബക്കറ്റ്, ഇരുമ്പ് തകിടുകള്‍... നേരെ പോയി വിമാനത്തിന് ആവശ്യമായ സാധനങ്ങൾ കണ്ടെത്തി.
എട്ടുമണിക്കൂറില്‍ വിമാനം റെഡി, രാമക്കല്‍മേട്ടില്‍ പ്രിൻസിന്‍റെ 'എയർ ഇന്ത്യ'... - നെടുങ്കണ്ടം പഞ്ചായത്ത്
നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്‌കൂളില്‍ പുതിയതായി ഒരുക്കുന്ന പാര്‍ക്കിനായാണ് 12 അടി നീളവും 11 അടി വീതിയുമുള്ള വിമാനത്തിന്‍റെ മാതൃക പ്രിൻസ് ഭുവനചന്ദ്രൻ നിർമിച്ചത്.
എട്ട് മണിക്കൂർ കഴിഞ്ഞപ്പോൾ എയർ ഇന്ത്യ മോഡലില്‍ അത്യുഗ്രൻ വിമാനം റെഡി. സ്‌കൂളില്‍ പുതിയതായി ഒരുക്കുന്ന പാര്‍ക്കിന് വേണ്ടിയാണ് പ്രിന്‍സ് ഭുവന ചന്ദ്രൻ ഒറിജിനലിനോട് കിടപിടിക്കുന്ന രീതിയില്‍ 12 അടി നീളത്തിലും 11 അടി വീതിയിലും ചെറു വിമാനം നിർമിച്ചത്. സൈക്കിളിന്‍റെയും ഇരുചക്ര വാഹനങ്ങളുടേയും ടയറുകളാണ് വിമാനത്തിന്‍റെ ചക്രങ്ങളായി ഉപയോഗിച്ചിരിക്കുന്നത്.
ടയറുകള്‍ ഉപയോഗിച്ച് ഉരുട്ടിക്കൊണ്ട് പോകാവുന്ന തരത്തിലാണ് വിമാനത്തിന്‍റെ നിര്‍മിതി. സ്‌കൂള്‍ പാര്‍ക്കിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വിമാനം അവിടേയ്‌ക്ക് മാറ്റും. വൈദ്യുതി ഉത്‌പാദനത്തിനുള്ള കാറ്റാടി യന്ത്രത്തിന്‍റെ മാതൃക അടക്കം നിരവധി നിര്‍മിതികള്‍ പ്രിന്‍സ് മുന്‍പ് ഒരുക്കിയിട്ടുണ്ട്.