ഇടുക്കി: ശാന്തൻപാറ സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തോപ്രാംകുടി, വാണിയപുരക്കൽ എബ്രഹാമിന്‍റെ മകൻ റ്റിൻസൺ എബ്രഹാം ആണ് അറസ്റ്റിലായത്. തൊടുപുഴ പൊലീസും കട്ടപ്പന ഡിവൈഎസ്‌പിയുടെ പ്രത്യേക സ്ക്വാഡും ചേർന്ന് ലബക്കടയിലെ വാടകവീട്ടിൽ നിന്നാണ് റ്റിൻസണെ പിടികൂടിയത്. കേസിലെ മറ്റു പ്രതികളായ തൊടുപുഴ കരിമണ്ണൂർ സ്വദേശി അർജുൻ, മൈലക്കൊമ്പ് സ്വദേശി അഖിൽ എന്നിവർ ഒളിവിലാണ്.
മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതി പൊലീസ് വലയിൽ കുടുങ്ങുന്നത്. പ്രതിയെ പിടികൂടുമ്പോൾ ഭാര്യയെകൂടാതെ മറ്റൊരു യുവതിയും ഇയാളുടെ വീട്ടിൽ ഉണ്ടായിരുന്നു. ഈ യുവതി കേസിൽ അറസ്റ്റിലാകാനുള്ള പ്രതിയുടെ ഭാര്യയാണെന്ന് സംശയിക്കുന്നു. ഈ യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുള്ളതാണെന്നും പറയുന്നു.
ശാന്തൻപാറ സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയത് ഓഗസ്റ്റ് മൂന്നാം തീയതി
ഓഗസ്റ്റ് മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പരാതിക്കാരനായ ശാന്തൻപാറ സ്വദേശി ജോഷിയെ മൈലക്കുളത്തേക്ക് യുവതികളിൽ ഒരാളുടെ ഫോൺ ഉപയോഗിച്ച് വിളിച്ച് വരുത്തി. വീട്ടിൽ എത്തിയ പരാതിക്കാരനെ ബന്ധിയാക്കി 4000 രൂപയും, മെബൈൽ ഫോൺ, സ്കൂട്ടർ എന്നിവയും കൈക്കലാക്കി പ്രതികൾ മുങ്ങി. പിന്നീട് രാത്രി പരാതിക്കാരൻ സ്ഥലത്ത് നിന്ന് സാഹസിയമായി രക്ഷപ്പെടുകയായിരുന്നു.