ഇടുക്കി :ചിത്ര രചനയ്ക്ക് ധാരാളം വകഭേദങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ നിന്നെല്ലാം വ്യത്യസ്‌തമാണ് പേപ്പര്‍ ക്വില്ലിങ്. കലാവാസനയ്‌ക്കൊപ്പം ക്ഷമയും സമയവും ധാരാളം വേണം ഈ ചിത്രരചനയ്ക്ക്. ഇക്കാരണം കൊണ്ടുതന്നെ അധികമാരും പരീക്ഷിക്കാത്ത പേപ്പര്‍ ക്വില്ലിങ്ങിലൂടെ നയന മനോഹരമായ രൂപങ്ങള്‍ തീര്‍ത്ത് ശ്രദ്ധേയനാകുകയാണ് ഫോട്ടോഗ്രാഫര്‍ കൂടിയായ അടിമാലി സ്വദേശി സുനില്‍കുമാര്‍.
ചിത്രം വരച്ച ശേഷം ക്വില്ലിങ് പേപ്പര്‍ ചുരുട്ടി വര്‍ണാഭമായി ഒട്ടിച്ചെടുത്താണ് സുനിൽ കുമാർ രൂപങ്ങള്‍ തീര്‍ക്കുന്നത്. ഭേദപ്പെട്ട ഒരു ചിത്രം തീര്‍ക്കാന്‍ കുറഞ്ഞത് രണ്ടാഴ്‌ചയോളം വേണ്ടിവരുമെന്ന് സുനിൽ പറയുന്നു. രണ്ട് വര്‍ഷം മുമ്പ് ഇന്‍റർനെറ്റിലൂടെയാണ് പേപ്പര്‍ ക്വില്ലിങ് സുനില്‍ കുമാര്‍ പരിചയപ്പെടുന്നത്.
ചിത്രത്തില്‍ നിന്ന് ഇതള്‍വിരിയും രൂപങ്ങള്‍ ; പേപ്പർ ക്വില്ലിങ്ങില്‍ സുനില്‍കുമാറിന്‍റെ കയ്യൊപ്പ് ALSO READ:അനാര്‍ കൃഷിയില്‍ സഹോദരങ്ങളുടെ വിജയഗാഥ
താല്‍പര്യമേറിയതോടെ ഇന്‍റര്‍നെറ്റില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കി. ക്വില്ലിങ് പേപ്പറും അതിനുള്ള മെഷീനും ഓണ്‍ലൈനില്‍ എത്തിച്ചു. ഒരു ചിത്രം നിര്‍മിച്ചെടുക്കാന്‍ 5000 രൂപയോളം വേണ്ടി വരുമെന്ന് സുനില്‍ കുമാര്‍ പറയുന്നു. അടിമാലി ടൗണിലെ എസ് കെ ഫോട്ടോസ് എന്ന സ്റ്റുഡിയോയില്‍ ഇരുന്ന് ഒഴിവുവേളകളിലാണ് രൂപകല്‍പ്പന.
ആവശ്യക്കാരേറുകയും സുഹൃത്തുക്കളുടെ പ്രോത്സാഹനം ലഭിക്കുകയും ചെയ്‌തതോടെ പേപ്പര്‍ ക്വില്ലിങ്ങിനെ കൂടുതല്‍ ഗൗരവത്തോടെ കാണാനാണ് ഈ കലാകാരന്‍റെ തീരുമാനം. ഏതാനും നാളുകള്‍ക്ക് മുമ്പ് എറണാകുളം ദര്‍ബാള്‍ ഹാളില്‍ സുനില്‍കുമാറിന്‍റെ സൃഷ്ടികള്‍ പ്രദര്‍ശനത്തിന് വയ്ക്കുകയും മികച്ച പ്രതികരണം നേടുകയും ചെയ്‌തിരുന്നു.