മഹിള കോണ്‍ഗ്രസ് പ്രാര്‍ത്ഥന കൂട്ടായ്‌മ ഇടുക്കി:പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങളുണ്ട്. ജീവിത തടസങ്ങള്‍ നീങ്ങാനും സൗഭാഗ്യം വന്ന് ചേരാനും മക്കളുടെ ഭാവിയില്‍ നന്മയുണ്ടാകാനും തുടങ്ങി നിരവധി കാരണങ്ങള്‍. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായൊരു പ്രാര്‍ത്ഥനയ്‌ക്കാണ് ഗാന്ധി ജയന്തി ദിനത്തില്‍ കേരളം സാക്ഷ്യം വഹിച്ചത്. ജില്ലയിലെ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥന. ഇതിനുള്ള കാരണമാണ് ഏവരെയും അദ്ഭുതപ്പെടുത്തുന്നത്. ഉടുമ്പന്‍ചോല എംഎല്‍എയായ എംഎം മണിയുടെ നാവ് നന്നാകാന്‍ വേണ്ടിയാണ് ഒരു കൂട്ടം സ്‌ത്രീകളുടെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് നടുറോഡില്‍ കൂട്ട പ്രാര്‍ത്ഥനയുണ്ടായത് (Mahila Congress Prayer For MM Mani).
ഇതിന് കാരണം മറ്റൊന്നുമല്ല, കഴിഞ്ഞ ദിവസം എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരെ എംഎം മണി നടത്തിയ സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തന്നെയാണ്. എംഎല്‍എയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം പരാമര്‍ശങ്ങള്‍ അധികരിച്ചതോടെയാണ് പൊറുതിമുട്ടി മഹിള കോണ്‍ഗ്രസ് കൂട്ട പ്രാര്‍ത്ഥനയുമായി രംഗത്തെത്തിയത് (Mahila Congress Prayer In Idukki)
എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശം:മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ച് ഉടുമ്പന്‍ചോല താലൂക്ക് ഓഫിസിലേക്ക് കഴിഞ്ഞ ദിവസം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. മാര്‍ച്ചില്‍ സംസാരിക്കവേയാണ് മോട്ടോര്‍ വാഹന വകുപ്പിനെതിരെ എംഎം മണി അധിക്ഷേപ പരാമര്‍ശം നടത്തിയത്.
'മര്യാദകേട് കാണിച്ചാല്‍ ഏതവനായാലും എതിര്‍ക്കുമെന്ന്' അദ്ദേഹം പറഞ്ഞു. 'രാഷ്‌ട്രീയം ഉള്ളിലുണ്ടെന്ന് കരുതി ഔദ്യോഗിക കുറ്റനിര്‍വഹണത്തിന് നിന്‍റെയൊക്കെ രാഷ്‌ട്രീയം എടുത്താല്‍ ഞങ്ങളും രാഷ്‌ട്രീയം പുറത്തെടുക്കും. പിന്നെ നീയൊന്നും ജീവിച്ചിരിക്കില്ല. കോടതിയില്‍ വരുമ്പോള്‍ കണ്ട സാക്ഷി പോലും ഉണ്ടാകില്ല. എന്തെങ്കിലും കേസെടുക്കുക, എന്നിട്ട് പിണറായി വിജയന്‍റെ പേര് പറയുക. സര്‍ക്കാറിന് ലാഭമുണ്ടാക്കാനാണെന്ന് പറയുക. സര്‍ക്കാര്‍ നിന്നോടൊക്കെ കൊള്ളയടിക്കാന്‍ പറഞ്ഞിട്ടുണ്ടോ? നിന്‍റെയൊക്കെ അമ്മയെയും പെങ്ങന്മാരെയും കൂട്ടിക്കൊടുക്കാന്‍ പറഞ്ഞോ ? സര്‍ക്കാറിന് ന്യായമായ നികുതി കൊടുക്കണം. നികുതി പിരിക്കാന്‍ സംവിധാനങ്ങളുണ്ട്' എന്നുമാണ് എംഎം മണി പറഞ്ഞത്.