ഇടുക്കി: കീടനാശിനിയുടെ അളവ് കുറഞ്ഞ ഏലത്തിന്‍റെ ആദ്യ പ്രത്യേക ലേലത്തിൽ വിലയിൽ നൂറു രുപയിലധികം വർധനവ്. സ്‌പൈസസ് ബോർഡ് നേരിട്ട് കീടനാശിനിയുടെ തോത് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയ ഏലക്ക മാത്രമാണ് ഈ ലേലത്തിനെത്തിച്ചത്. ഇന്ത്യൻ ഏലം ഏറ്റവും കൂടുതൽ കയറ്റി അയച്ചിരുന്നത് സൗദി അറേബ്യയിലേക്കാണ്.
കീടനാശിനി കുറഞ്ഞ ഏല ലേലം: കിലോയിൽ നൂറുരൂപയിലധികം വർധനവ് പ്രതിവർഷം 7000 ടണ്ണോളമായിരുന്നു കയറ്റുമതി. എന്നാൽ ചില കീടനാശിനികളുടെ അളവ് കൂടിയതിനെ തുടർന്ന് സൗദി അടക്കം വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ വൻ കുറവുണ്ടായി. ഇതിനു പരിഹാരമായാണ് ഭക്ഷ്യയോഗ്യമായ അളവിൽ കീടനാശിനിയുള്ള ഏലത്തിന് പ്രത്യേക ലേലം നടത്താൻ സ്‌പൈസസ് ബോർഡ് തീരുമാനിച്ചത്.
ഇടുക്കിയിലെ പുറ്റടിയിലും തമിഴ്‌നാട്ടിലെ ബോഡി നായ്‌ക്കന്നൂരിലുമാണ് ലേലം നടന്നത്. രണ്ട് ലേല ഏജൻസികളിൽ കർഷകർ എത്തിച്ച ഏലക്ക സ്‌പൈസസ് ബോർഡിന്‍റെ കൊച്ചിയിലെ ലാബിൽ പരിശോധിച്ച ശേഷമാണ് ലേലം നടത്തിയത്. ലേല ഏജൻസികളിൽ കർഷകരെത്തിച്ച 17,554 കിലോ ഏലമാണ് ലേലം ചെയ്‌തത്.
16,343 കിലോ ഏലം വിറ്റഴിഞ്ഞു. കൂടിയ വില 1468 രൂപയും ശരാശരി വില 1084 രൂപയും കിട്ടി. എല്ലാ മാസവും ഒരു ദിവസം കീടനാശിനി സാന്നിധ്യം കുറഞ്ഞ ഏലത്തിന്‍റെ പ്രത്യേക ലേലം നടത്താനാണ് സ്‌പൈസസ് ബോർഡിന്‍റെ തീരുമാനം.
ഏലക്കായുടെ ഔഷധ ഗുണങ്ങള്‍ പ്രയോജനപെടുത്തും: ഏലക്കായുടെ വിലയിടിവ് തടയുന്നതിനും, പ്രചാരം വര്‍ധിപ്പിക്കുന്നതിനുമായാണ് സ്‌പൈസസ് ബോര്‍ഡ് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഔഷധ രംഗത്ത്, ഏലക്ക പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി വിവിധ പഠനങ്ങള്‍ നടത്തും. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൂംഹെയ്‌ലിയന്‍ ഡയഗനോസ്റ്റിക്‌സ് ആന്‍ഡ് തെറാപുട്ടിക് എന്ന കമ്പനിയുമായി, ഇത് സംബന്ധിച്ച് ബോര്‍ഡ് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
നെടുങ്കണ്ടം മൈലാടുംപാറയിലെ ഏലം ഗവേഷണ കേന്ദ്രത്തില്‍ റിസര്‍ച്ചുകള്‍ നടത്തും. കര്‍ഷകരുടെയും ചെറുകിട സംരഭകരുടെയും നേതൃത്വത്തില്‍ ഒരുക്കുന്ന മൂല്യ വര്‍ദ്ധിത ഉത്‌പന്നങ്ങള്‍ക്കായി കൂടുതല്‍ വിപണന സാധ്യതകളും കണ്ടെത്തി നല്‍കും. സുഗന്ധ വിള ഉത്‌പന്നങ്ങള്‍, കര്‍ഷകര്‍ക്ക് ഇ ട്രേഡിങ് വിറ്റഴിയ്‌ക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇ ട്രേഡിങ് സംബന്ധിച്ച, മൈലാടുംപാറ ഏലം ഗവേഷ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു.