ഇടുക്കി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ 200 തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 172 പഞ്ചായത്ത് വാര്‍ഡുകളിലും 28 നഗരസഭ വാര്‍ഡുകളിലുമാണ് കര്‍ശന ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയത്. തോട്ടം മേഖലയില്‍ ജോലികളിലും നിയന്ത്രണം ഏർപ്പെടുത്താൻ നിര്‍ദേശമുണ്ട്.
ജനം കൊവിഡ് പരിശോധന നടത്തുന്നില്ലെന്ന് ആരോപണം
ഏതാനും ദിവസങ്ങളായി ഇടുക്കി ജില്ലയിലെ വിവിധ മേഖലകളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. മിക്ക ദിവസങ്ങളിലും ആയിരത്തിനടുത്താണ് രോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്ന സാഹചര്യത്തിലാണ് ജില്ല ഭരണ കൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നെടുങ്കണ്ടം, കരുണാപുരം, അടിമാലി, പാമ്പാടുംപാറ, രാജകുമാരി പഞ്ചായത്തുകളിലെ മിക്ക വാര്‍ഡുകളിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. രോഗം സംശയിക്കുന്ന പലരും പരിശോധനയ്ക്ക് തയ്യാറാവാത്തത് വ്യാപനത്തിന് ഇടയാക്കുന്നതായും ആരോപണം ഉയരുന്നു.