ഇടുക്കി:ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് അതിര്‍ത്തി കടന്നെത്തിയ മൂന്ന് പേരെ മൂന്നാറിലും വട്ടവടയിലുമായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. മൂന്നാറില്‍ സാധനങ്ങള്‍ വില്‍പ്പന നടത്താനെത്തിയ രണ്ട് പേരെയും വട്ടവടയില്‍ അതിര്‍ത്തി കടന്നെത്തിയ ഒരാളെയുമാണ് നിരീക്ഷണത്തിലാക്കിയത്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനിടെയാണ് നിര്‍ദേശങ്ങള്‍ ലംഘിച്ച് രണ്ട് യുവാക്കള്‍ തേങ്ങയും മുട്ടയും വില്‍പന നടത്താന്‍ മൂന്നാറിലെത്തിയത്.
മൂന്നാറില്‍ ലോക്ക് ഡൗണ്‍ ലംഘനം; മൂന്ന് പേര്‍ അറസ്‌റ്റില്‍ - മൂന്നാറില്‍ ലോക്ക് ഡൗണ്‍ ലംഘനം
മൂന്നാറിലും വട്ടവടയിലുമായാണ് മൂന്ന് പേരെ കസ്‌റ്റഡിയിലെടുത്തത്. ഇവരെ ഐസൊലേഷൻ വാര്‍ഡില്‍ പ്രവേശിച്ചു.
തമിഴ്‌നാട് നാമക്കല്ലില്‍ നിന്നും മിനി ലോറിയില്‍ ആവശ്യസാധനങ്ങള്‍ എന്ന ബോര്‍ഡ് പതിച്ച് പച്ചക്കറി വണ്ടിയെന്ന വ്യാജേന ഇവര്‍ അതിര്‍ത്തി കടന്നെത്തിയതായാണ് വിവരം. പഴയ മൂന്നാറിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്ത ഇവര്‍ സമീപത്തെ മുറിയില്‍ കിടന്നുറങ്ങി. ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് യുവാക്കളെ കണ്ടെത്തിയത്. മൂന്നാറിലെ വ്യാപാരിക്ക് തേങ്ങയും മുട്ടയുമായെത്തിയതാണ് തങ്ങളെന്ന് യുവാക്കള്‍ പഞ്ചായത്തധികൃതരെ അറിയിച്ചു. ഇവരെ പഴയ മൂന്നാറിലെ ശിക്ഷക് സദന്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാര്‍ പറഞ്ഞു.
അതിര്‍ത്തി മേഖലയായ വട്ടവടയിലും ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒരാളെ ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് നിരീക്ഷണത്തിലാക്കി. പരമ്പരാഗത കാനനപാതയിലൂടയാണ് ഇയാള്‍ വട്ടവടയിലെത്തിയത്. ഇയാളെ പഞ്ചായത്തിലെ ഐസൊലേഷന്‍ വാര്‍ഡായ മള്‍ട്ടി അമനിറ്റീസ് ഹബ്ബില്‍ നിരീക്ഷണത്തിലാക്കി.