ഇടുക്കി: നീണ്ട കാത്തിരിപ്പിന് ശേഷം ആരംഭിച്ച ദീർഘദൂര ബസ് സർവീസിന്‍റെ ദൂരം വെട്ടിക്കുറച്ച കെഎസ്ആർടിസി നടപടിയിൽ പ്രതിഷേധവുമായി നാട്ടുകാർ. തിരുവനന്തപുരം - മറയൂർ ബസ് സർവീസാണ് മൂന്നാർ വരെയാക്കി പരിമിതപ്പെടുത്തിയത്. നിരവധി നിവേദനങ്ങൾക്കും പരാതികൾക്കുമൊടുവിൽ കഴിഞ്ഞ പതിനാറാം തിയതിയാണ് തിരുവനന്തപുരത്ത് നിന്നും മറയൂരിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിച്ചത്. പ്രതിദിനം പതിനെണ്ണായിരം മുതൽ ഇരുപതിനായിരം രൂപ വരെ ഇതിൽ നിന്ന് വരുമാനം ലഭിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ സർവീസ് ദൂരം മൂന്നാർ വരെയാക്കി പരിമിതപ്പെടുത്തുകയായിരുന്നു.
തിരുവനന്തപുരം- മറയൂർ ബസ് സർവീസ് ദൂരം കുറച്ചതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
കഴിഞ്ഞ പതിനാറാം തിയതി തിരുവനന്തപുരത്ത് നിന്നും മറയൂരിലേക്ക് ആരംഭിച്ച കെഎസ്ആർടിസി സർവീസിന്‍റെ ദൂരം മൂന്നാർ വരെയാക്കി പരിമിതപ്പെടുത്തി. ഇതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം.
കെഎസ്ആർടിസിയുടെ നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. കെഎസ്ആർടിസി ബസിന് തൊട്ടുമുമ്പ് സർവീസ് നടത്തുന്ന സ്വകാര്യ ബസിനെ സഹായിക്കുന്നതിനായാണ് മറയൂരിലേക്കുള്ള സർവീസ് നിർത്തിയതെന്നും ആരോപണമുയരുന്നു. എന്നാൽ, യാത്രക്കാരുടെ എണ്ണക്കുറവാണ് സർവീസ് പരിമിതപ്പെടുത്താൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒപ്പിട്ട നിവേദനം വകുപ്പ് മന്ത്രിക്കയച്ചു. നടപടി ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.