ഇടുക്കി:ചിന്നക്കനാലില്‍ ജനജീവിതം ദുഷ്‌കരമാകുന്നുവെന്ന് ആരോപിച്ച് റവന്യൂ - വനം വകുപ്പുകള്‍ക്കെതിരെ പ്രത്യക്ഷ സമരവുമായി നാട്ടുകാര്‍. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന വില്ലേജ് ഓഫിസ് ഉപരോധം ആരംഭിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ അനുവദിച്ച വീടുകള്‍ക്ക് നിര്‍മാണ അനുമതി പോലും ലഭിയ്ക്കാത്ത സാഹചര്യത്തിലാണ് അവകാശ സംരക്ഷണ സമിതി രൂപീകരിച്ച് സമരം ആരംഭിച്ചിരിക്കുന്നത്.
ചിന്നക്കനാലില്‍ റവന്യൂ - വനം വകുപ്പുകള്‍ക്കെതിരെ പ്രത്യക്ഷ സമരവുമായി നാട്ടുകാര്‍ - ചിന്നക്കനാല്‍ വില്ലേജ് ഓഫിസ് ഉപരോധം
ചിന്നക്കനാലില്‍ നിന്നും വിവിധ ഭൂ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും വനം വകുപ്പിന്‍റെ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചും ജനങ്ങളെ കുടിയിറക്കാന്‍ ശ്രമം നടക്കുന്നതായാണ് ആരോപണം

കൈവശ ഭൂമിക്ക് എന്‍ഒസി നല്‍കാത്തതിനാല്‍ ലൈഫ് പദ്ധതിയില്‍ അനുവദിച്ച നിരവധി വീടുകളുടെ നിര്‍മാണം മുടങ്ങിക്കിടക്കുകയാണ്. പട്ടയ ഭൂമിയുടെ കരവും വര്‍ഷങ്ങളായി സ്വീകരിക്കുന്നില്ല. തോട്ടം തൊഴിലാളികളും ആദിവാസികളും അധിവസിക്കുന്ന ചിന്നക്കനാലില്‍ നിന്നും വിവിധ ഭൂ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും വനം വകുപ്പിന്‍റെ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചും ജനങ്ങളെ കുടിയിറക്കാന്‍ ശ്രമം നടക്കുന്നതായാണ് ആരോപണം.
വന്‍കിട നിര്‍മാണങ്ങള്‍ക്ക് റവന്യൂ വകുപ്പ് കൂട്ടുനില്‍ക്കുന്നുവെന്നും പഞ്ചായത്തിലെ മാലിന്യ നിര്‍മാര്‍ജനത്തിന് പോലും ഭൂമി വിട്ടുനല്‍കുന്നില്ലെന്നും ആരോപണങ്ങളുണ്ട്. സിങ്കുകണ്ടത്ത് പതിറ്റാണ്ടുകളായി താമസിക്കുന്ന കുടിയേറ്റ കര്‍ഷകരെ കുടിയിറക്കുന്നതിനുള്ള നടപടികളും റവന്യൂ വകുപ്പ് ആരംഭിച്ചിരുന്നു. മേഖലയിലെ വിവിധ ഭൂ വിഷയങ്ങളില്‍ അടിയന്തര പരിഹാരമുണ്ടായില്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ജനകീയ സമിതിയുടെ തീരുമാനം.