ഇടുക്കി :രാജകുമാരി ഗ്രാമ പഞ്ചായത്തിൽരണ്ട് പതിറ്റാണ്ടിലധികമായി തകർന്നുകിടക്കുന്ന റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. രാജകുമാരി ഗ്രാമപഞ്ചായത്തിലെ 10,11 വാർഡുകളിൽ ഉൾപ്പെടുന്ന പുതകിൽപ്പാറ - നൂനൂറ്റിപടി റോഡാണ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്ത് എത്തിയിരിക്കുന്നത്.
തകർന്നുകിടക്കുന്ന റോഡിൽ കപ്പയും, വാഴയും, ചേനയും നട്ടാണ് പ്രദേശവാസികൾ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. വർഷങ്ങളായി നിരവധി നിവേദനങ്ങളും പരാതികളും നൽകിയിട്ടും ദുരിത യാത്രയാണ് അധികൃതർ ഇവർക്ക് കൽപ്പിച്ചുനൽകിയിരിക്കുന്നത്.
23 വർഷമായി ശാപമോക്ഷം കാത്ത് ഒരു റോഡ് ; കപ്പയും വാഴയും ഏലവും നട്ട് പ്രതിഷേധം ഇരുനൂറ്റി അൻപതോളം കുടുംബങ്ങളുടെ ഏക ആശ്രയവും അങ്കണവാടി, ആരാധനാലയങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലേക്കുള്ള ഏക ഗതാഗത മാർഗവും ഈ റോഡാണ്. ഇവിടേക്ക് ആശുപത്രി ആവശ്യങ്ങൾക്ക് ഒരു ഓട്ടോ വിളിച്ചാൽ പോലും കടന്നുവരാത്ത അവസ്ഥയാണ് നിലവിലുള്ളത്.
റോഡിന്‍റെ ശോചനീയാവസ്ഥയെ തുടർന്ന് സ്‌കൂൾ ബസുകൾ എത്താതായതോടെ വിദ്യാർഥികളും ദുരിതത്തിലായിരിക്കുകയാണ്. ഇരുപത്തിമൂന്ന് വർഷക്കാലമായി തകർന്നുകിടക്കുന്ന റോഡ് ഇനിയും ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ പഞ്ചായത്ത് ഓഫിസ് ഉപരോധം ഉൾപ്പടെ ശക്‌തമായ സമരത്തിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.