ഇടുക്കി:മച്ചിപ്ലാവ് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന കുരിശുപാറ മേഖലയില്‍ ഒഴിപ്പിക്കല്‍ നടപടികളുമായെത്തിയ വനംവകുപ്പുദ്യോഗസ്ഥരെ പ്രദേശവാസികള്‍ തടഞ്ഞു. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടത്താതെ വനംവകുപ്പുദ്യോഗസ്ഥര്‍ മടങ്ങി. വനംവകുപ്പുദ്യോഗസ്ഥര്‍ തങ്ങളുടെ കൃഷിദേഹണ്ഡങ്ങള്‍ വെട്ടിനശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് നാട്ടുകാരുടെ വാദം. എന്നാൽ കോടതി വിധിയനുസരിച്ചാണ് തങ്ങള്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്കെത്തിയതെന്ന് മൂന്നാര്‍ ഡിഎഫ്ഒ പ്രതികരിച്ചു.
ഒഴിപ്പിക്കൽ നടപടിക്കെത്തിയ വനംവകുപ്പുദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ
വനംവകുപ്പുദ്യോഗസ്ഥർ കർഷകരുടെ കൃഷിദേഹണ്ഡങ്ങൾ വെട്ടിനശിപ്പിക്കുന്നുവെന്നാണ് കർഷകർ പറയുന്നത്. എന്നാൽ കോടതി വിധിയനുസരിച്ചാണ് തങ്ങൾ ഒഴിപ്പിക്കല്‍ നടപടികള്‍ക്കെത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.
രാവിലെ 9 മണിയോടെയായിരുന്നു മൂന്നാര്‍ ഡിഎഫ്ഒ എംവിജി കണ്ണന്‍റെ നേതൃത്വത്തിലുള്ള വനപാലക സംഘം ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി കുരിശുപാറ മേഖലയില്‍ എത്തിയത്. നൂറിനുമുകളില്‍ വനപാലകര്‍ ഒഴിപ്പിക്കല്‍ സംഘത്തിലുണ്ടായിരുന്നു. സംഭവമറിഞ്ഞതോടെ പ്രദേശവാസികള്‍ സംഘടിച്ച് വനപാലക സംഘത്തെ തടയുകയായിരുന്നു. വനപാലക സംഘം മടങ്ങിപോകണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡില്‍ കുത്തിയിരുന്നു. സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതോടെ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ഇടപെടല്‍ നടത്തുകയും പ്രതിഷേധക്കാരുമായി ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും വനംവകുപ്പുദ്യോഗസ്ഥരെ മുമ്പോട്ട് പോകാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ നിലപാടെടുക്കുകയുമായിരുന്നു. ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ വനപാലക സംഘം ഒഴിപ്പിക്കല്‍ നടത്താതെ മടങ്ങി.
പ്രതിഷേധം രൂപം കൊണ്ടതോടെ കല്ലാര്‍ മാങ്കുളം റോഡില്‍ ഭാഗീകമായി ഗതാഗതം തടസപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുരിശുപാറ കോട്ടപ്പാറ മേഖലയില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ കൃഷി വെട്ടിനശിപ്പിച്ചതായി ആരോപിച്ച് കൂമ്പന്‍പാറ ഫോറസ്റ്റ് സ്‌റ്റേഷന് മുമ്പില്‍ കര്‍ഷകര്‍കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.