ഇടുക്കി: വാഗമണ്ണില്‍ പാരിസ്ഥിതിക ആഘാതത്തിന് വഴിയൊരുക്കുന്ന പാറ ഖനനത്തിന് അധികൃതര്‍ അനുമതി നല്‍കിയെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധത്തിനൊരുങ്ങുന്നു. കരിങ്കല്‍ ക്വാറികള്‍ക്ക് അനുമതി നല്‍കിയ വില്ലേജ് ഓഫീസറുടെ നടപടിക്കെതിരെയാണ് പ്രതിഷേധം.
വാഗമണ്ണില്‍ പാറഖനനത്തിന് അനുമതി; പ്രതിഷേധവുമായി നാട്ടുകാര്‍ - തവളപാറ ഖനനം
ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ച വാഗമണ്ണിലെ തവളപ്പാറ മലയാണ് ക്വാറി മാഫിയയുടെ ലക്ഷ്യം
വാഗമണ്ണിലെ വിനോദ സഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടായ തവളപ്പാറ മലയാണ് കരിങ്കല്‍ ക്വാറി മാഫിയയുടെ ലക്ഷ്യം. അതീവ പരിസ്ഥിതി പ്രധാന്യമുള്ള പ്രദേശത്ത് ക്വാറി നടത്താന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥരുടെ നടപടി വിവാദമായിരിക്കുകയാണ്. ഭൂമാഫിയയുടെയും ക്വാറി ഉടമകളുടെയും സ്വാധീനത്തിന് വഴങ്ങിയ വാഗമണ്‍ വില്ലേജ് ഓഫീസറാണ് തവളപ്പാറയില്‍ പാറഖനനത്തിന് എന്‍ഒസി നല്‍കിയിരിക്കുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. നൂറ്റിയമ്പതോളം കുടുംബങ്ങളാണ് തവളപ്പാറയില്‍ താമസിക്കുന്നത്. അധികൃതരുടെ ഒത്താശയോടെ ഹെക്‌ടര്‍ കണക്കിന് സ്ഥലത്തെ പാറ പൊട്ടിച്ചു വില്‍പന നടത്താനാണ് ക്വാറി മാഫിയയുടെ നീക്കം.
വാഗമണ്‍ ടൗണില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ മാറിയാണ് തവളപ്പാറ. ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ച വാഗമണ്ണിലെ ഈ കൂറ്റന്‍ മല പൊട്ടിച്ചു തീര്‍ക്കുന്ന തരത്തിലാണ് ക്വാറികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസ് ഉപരോധ സമരത്തിന് തയ്യാറെടുക്കുകയാണ് താവളപ്പാറ മല സംരക്ഷണ സമിതി. സംസ്ഥാന മൈനിങ് ആന്‍ഡ് ജിയോളജി ഓഫീസര്‍, വിജിലന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകൾക്കും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി പലരും പട്ടയത്തിന് അപേക്ഷ നല്‍കി കാത്തിരുന്നിട്ടും നടപടിയുണ്ടായിട്ടില്ല. അതിനാൽ പാറഖനനത്തിന് അനുമതി നൽകിയത് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയാണെന്ന ആക്ഷേപവും ശക്തമാകുകയാണ്. ഒരു ഭാഗത്ത് കോടികള്‍ ചിലവഴിച്ച് വിനോദ സഞ്ചാര മേഖലയെ മോടിപിടിപ്പിക്കാന്‍ സര്‍ക്കാര്‍ പണം ചിലവാക്കുമ്പോള്‍ മറുഭാഗത്ത് തകര്‍ക്കാന്‍ സര്‍ക്കാരിന്‍റെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ തന്നെ കൂട്ടു നില്‍ക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.