ഇടുക്കി: ലൈഫ് പദ്ധതിയിൽ അനുവദിച്ച് കിട്ടിയ വീടിന്‍റെ പണി കരാറുകാരൻ പൂർത്തിയാക്കി നൽകുന്നില്ലെന്ന് ആരോപണം. ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ 78 വയസുകാരി രാജമ്മയുടെ വീടിന്‍റെ നിര്‍മാണമാണ് പാതി വഴിയില്‍ മുടങ്ങിയത്. ചെമ്മണ്ണാര്‍ സ്വദേശിയായ കരാരുകാരനായിരുന്നു വീടിന്‍റെ നിര്‍മാണ ചുമതല.
വിവിധ ഗഡുക്കളായി അനുവദിച്ച തുകയുടെ ഭൂരിഭാഗവും കരാറുകാരന്‍ കൈപറ്റിയെങ്കിലും പണി പൂർത്തിയാക്കി നൽകിയില്ലെന്നാണ് ആരോപണം. 2017-18 സാമ്പത്തിക വര്‍ഷത്തിലാണ് നെടുങ്കണ്ടം ബേഡ് മെട്ട് സ്വദേശി രാജമ്മയ്ക്ക് ലൈഫ് ഭവന പദ്ധതിയില്‍ വീട് അനുവദിച്ചത്. 40,000 രൂപ മാത്രമാണ് അവസാന ഗഡുവായി ഇനി ലഭിക്കാനുള്ളത്.
അവസാന ഘട്ട ജോലികള്‍ പൂര്‍ത്തീകരിക്കാതെ കരാറുകാരൻ
മേല്‍ക്കൂരയില്‍ കോണ്‍ക്രീറ്റിങ് നടത്തിയിട്ടുണ്ടെങ്കിലും ചോര്‍ന്നൊലിയ്ക്കുന്ന അവസ്ഥയാണ്. വീടിന് മുകളില്‍ പടുതാ വലിച്ച് കെട്ടിയാണ് കഴിഞ്ഞ മഴക്കാലത്തെ അതിജീവിച്ചത്. വാതിലുകളും ജനാലകളും സ്ഥാപിയ്ക്കാന്‍ പോലും കരാറുകാരന്‍ തയ്യാറായില്ല. വീടിന്‍റെ അവസാന ഘട്ട ജോലികള്‍ പൂര്‍ത്തികരിക്കാതെയാണ് കരാറുകാരന്‍ നിര്‍മാണം അവസാനിപ്പിച്ചത്. വാതില്‍ പടിയില്‍ ചാക്ക് മറച്ച് കെട്ടിയാണ് രാജമ്മ കിടന്നുറങ്ങിയിരുന്നത്.