ഇടുക്കി : ലൈഫ് മിഷനില്‍ വീട് നിർമ്മിക്കാൻ പോലും വനംവകുപ്പ് തടസ്സം നിൽക്കുന്നതിനാൽ സമരവുമായി രംഗത്തിറങ്ങി മുരിക്കാട്ടുകുടി മേഖലയിലെ ജനങ്ങൾ. കാഞ്ചിയാർ പഞ്ചായത്തിലെ മുരിക്കാട്ടുകുടി, പാമ്പാടികുഴി, കോഴിമല മേഖലയിലുള്ള 416 കുടുംബങ്ങളാണ് വീട് നിർമിക്കാൻ കഴിയാതെ ആശങ്കയിൽ കഴിയുന്നത്. കാഞ്ചിയാർ മുരിക്കാട്ടുകുടി മേഖലയിലെ 18 കുടുംബങ്ങൾക്ക് നേരത്തെ ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിക്കുകയും ഉണ്ടായിരുന്ന വീടുകൾ പൊളിച്ച് ഇവർ നിർമ്മാണം ആരംഭിക്കുകയും ചെയ്‌തു.
പലർക്കും ആദ്യ ഗഡു തുക സർക്കാരിൽ നിന്ന് അനുവദിച്ച ശേഷമാണ് വനംവകുപ്പ് എതിർപ്പുമായി എത്തിയത്. വനം വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള മേഖലയിൽ നിർമ്മാണം അനുവദിക്കാൻ ആകില്ലെന്നായിരുന്നു നിലപാട്. ഇതോടെ വീടുകളുടെ നിർമ്മാണം മുടങ്ങി. ഉണ്ടായിരുന്ന വീടുകൾ പൊളിച്ചവർ വർഷങ്ങളായി ഷെഡുകളിൽ ആണ് ദുരിത ജീവിതം നയിക്കുന്നത്.
ഇതോടെയാണ് കോഴിമല കർഷക അതിജീവന സംയുക്ത സമര സമിതിയുടെയും പട്ടികജാതി അവകാശ സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ സമരം തുടങ്ങിയത്. കാഞ്ചിയാർ വില്ലേജ് ഓഫിസിന് മുമ്പിൽ ആദ്യ ഘട്ടമായി കർഷകർ ധർണ നടത്തി. പരിഹാരമുണ്ടായില്ലെങ്കിൽ കാഞ്ചിയാർ വനംവകുപ്പ് ഓഫിസിന് മുമ്പിൽ കുടിൽകെട്ടി അനിശ്ചിതകാല റിലേ സമരം നടത്താനാണ് ഇവരുടെ തീരുമാനം.
ഇടുക്കി ജലവൈദ്യുത പദ്ധതിക്കായി 1960കളിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനായി വനംവകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ പ്രദേശമാണ് ഇവിടം. പട്ടികജാതി പട്ടികവർഗ്ഗക്കാരും പൊതു വിഭാഗത്തിൽ ഉൾപ്പെടെയുള്ളവരും ഈ മേഖലയിൽ താമസിക്കുന്നുണ്ട്. എന്നാൽ, വർഷങ്ങളായി മേഖലയിൽ താമസിക്കുന്നവരുടെ ലൈഫ് മിഷൻ പദ്ധതി പ്രകാരം ഉള്ള വീട് നിർമ്മാണം പോലും വനംവകുപ്പ് തടഞ്ഞിരിക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ലെന്നാണ് കർഷകരുടെ നിലപാട്.