ഇടുക്കി: ജനവിധിയില്‍ ഇത്തവണ ഇടതുപക്ഷത്തിന് അനുകൂലമായ കാറ്റാണ് വീശിയത്. ഒന്നര പതിറ്റാണ്ടായി യുഡിഎഫ് കയ്യടക്കി വച്ചിരുന്ന ഇടുക്കി ജില്ലാ പഞ്ചായത്ത് ഭരണം ഇത്തവണ എല്‍ഡിഎഫ് പിടിച്ചടക്കി. കഴിഞ്ഞ തവണ പതിനാറ് സീറ്റില്‍ പത്തും യുഡിഎഫാണ് നേടിയിരുന്നതെങ്കിലും ഇത്തവണ ആറ് സീറ്റുകള്‍ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. പത്ത് സീറ്റുകളിലും ഇടതുപക്ഷം വ്യക്തമായ ഭൂരിപക്ഷം നേടി. തുടര്‍ച്ചയായ നാലാം തവണയും മത്സര രംഗത്തെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കുമാരി കൊച്ചുത്രേസ്യ പൗലോസ് അടക്കമുള്ളവര്‍ക്ക് ദയനീയമായ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
ഇടുക്കിയില്‍ ജനവിധി ഇടത്തോട്ട്; ജില്ലാ പഞ്ചായത്ത് തിരിച്ചു പിടിച്ച് എല്‍ഡിഎഫ് - തദ്ദേശ തെരഞ്ഞെടുപ്പ് 2020
ഒന്നര പതിറ്റാണ്ടായി യുഡിഎഫ് കയ്യടക്കി വച്ചിരുന്ന ഇടുക്കി ജില്ലാ പഞ്ചായത്തില്‍ ഇപ്രാവശ്യം പതിനാറ് സീറ്റില്‍ പത്ത് സീറ്റുകളിലും ഇടതുപക്ഷം വ്യക്തമായ ഭൂരിപക്ഷം നേടി.
എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ നാല് ബ്ലോക്ക് പഞ്ചായത്തുകള്‍ ഇത്തവണ ഇടതുപക്ഷത്തിനൊപ്പം നിന്നു. കഴിഞ്ഞ തവണ രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ മാത്രമാണ് ഇടതുപക്ഷത്തിനുണ്ടായിരുന്നത്. അതേ സമയം ഒരു നഗരസഭയിലെ ഭരണം യുഡിഎഫ് നിലനിര്‍ത്തി. കട്ടപ്പന നഗരസഭയില്‍ യുഡിഎഫ് 22 സീറ്റുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന് ലഭിച്ചത് 9 എണ്ണം മാത്രം. ഇവിടെ ഒരു സ്വതന്ത്രനും വിജയിച്ചു. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് 13, എല്‍ഡിഎഫ് 12, എന്‍ഡിഎ 8, കോണ്‍ഗ്രസ് വിമതര്‍ 2 എന്നിങ്ങനെയാണ് കക്ഷിനില.
52 ഗ്രാമ പഞ്ചായത്തുകളിലും ഇത്തവണ കടുത്ത പോരാട്ടമാണ് നടന്നത്. എന്നാല്‍ മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ 52 പഞ്ചായത്തുകളില്‍ 27 യുഡിഎഫും 23 എല്‍ഡിഎഫും സീറ്റുകള്‍ നേടി. രണ്ട് പഞ്ചായത്തുകള്‍ ആര് ഭരിക്കുമെന്നത് സ്വതന്ത്രര്‍മാര്‍ തീരുമാനിക്കുന്ന അവസ്ഥയാണ്. അതോടൊപ്പം ജില്ലയില്‍ ആദ്യമായി ബിജെപി പഞ്ചായത്ത് പ്രസിഡന്‍റ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായെന്നതും പ്രധാനമാണ്. കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്തിൽ ഒമ്പത് സീറ്റുകള്‍ നേടി എല്‍ഡിഎഫ് മുന്നിട്ട് വന്നെങ്കിലും സംവരണ സീറ്റില്‍ ബിജെപിയാണ് വിജയകൊടി നാട്ടിയത്. ഇടത് കോട്ടയായ ചിന്നക്കനാലിലും ഭരണം ആര് നടത്തണമെന്നത് തീരുമാനിക്കുന്നത് സ്വതന്ത്രനാണ്. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്‍റെ കടന്നുവരവോടെ ഇടുക്കിയിലെ ബൈസണ്‍വാലി, അടക്കമുള്ള പല യുഡിഎഫ് പഞ്ചായത്തുകളും എല്‍ഡിഎഫ് പിടിച്ചെടുത്തു.