ഗവര്‍ണർക്കെതിരെ ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് അഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പൂര്‍ണ്ണം ഇടുക്കി: ഭൂപതിവ് ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ഇടുക്കി ജില്ലയില്‍ എല്‍ ഡി എഫ് അഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പൂര്‍ണ്ണം ( Ldf Harthal Idukki ). ശബരിമല അയ്യപ്പ ഭക്തരുടെ (Sabarimala devotees) വാഹനങ്ങള്‍ ജില്ലയിൽ പതിവ് പോലെ തന്നെ കടന്നുപോയി. ഹര്‍ത്താല്‍ അനുകൂലികള്‍ പ്രധാന ടൗണുകളില്‍ വാഹനങ്ങള്‍ തടഞ്ഞു. കട കമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടന്നു. ധനകാര്യ സ്ഥാപനങ്ങളും, സര്‍ക്കാര്‍ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചില്ല.
ഭൂപതിവ് ഭേദഗതി ബില്ലില്‍ ( Kerala Land Act Amendment Bill ) ഒപ്പിടാതെ സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ തുരങ്കം വെക്കുന്നുവെന്നായിരുന്നു ഹര്‍ത്താനുകൂലികളുടെ പ്രധാന ആരോപണം.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ തൊടുപുഴയില്‍ എത്തുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഇടുക്കി ജില്ലയിലെ പ്രവേശനത്തിനെതിരെയും എല്‍ഡിഎഫ് പ്രതിഷേധം അറിയിച്ചു.
അടിമാലി, വെള്ളത്തൂവല്‍ രാജാക്കാട്, രാജകുമാരി , ശാന്തന്‍പാറ, ബൈസണ്‍വാലി മേഖലകളില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. തോട്ടം മേഖല സാധാരണഗതിയില്‍ തന്നെ പ്രവര്‍ത്തിച്ചു. എന്നാല്‍ ഇവിടങ്ങളിൽ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു .
കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് നടത്തിയിരുന്നു. ഒപ്പം ശബരിമല തീര്‍ഥാടകര്‍ക്ക് സത്രത്തിലേക്കുള്ള സര്‍വീസും ഉണ്ടായിരുന്നു. എന്നാല്‍ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തിയില്ല. ഹര്‍ത്താല്‍ അനുകൂലികള്‍ പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് വാഹനങ്ങള്‍ തടഞ്ഞിട്ടു. അല്പസമയം വാഹനങ്ങള്‍ പിടിച്ചിട്ടശേഷമാണ് വിട്ടയച്ചത്. അയ്യപ്പഭക്തരുടെ വാഹനവും ടാക്‌സി വാഹനങ്ങളും സര്‍വീസ് നടത്തി .
ഇതേസമയം ഹര്‍ത്താലിനെതിരെ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളായ വ്യാപാരികള്‍ കടകള്‍തുറന്ന് പ്രവര്‍ത്തിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും പൂര്‍ണ്ണമായും കടകള്‍ അടഞ്ഞു കിടന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ ഒന്നും തന്നെ തുറന്നു പ്രവര്‍ത്തിച്ചില്ല. സ്വകാര്യ സ്ഥാപനങ്ങളും തുറന്നില്ല. ഇതേസമയം പെട്രോള്‍ പമ്പ് ,പാല്‍, പത്രം എന്നിവയെ ഹര്‍ത്താല്‍ നിന്നും ഒഴിവാക്കിയിരുന്നു.
Also Read :എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം ; ക്ഷുഭിതനായി ഗവര്‍ണര്‍, വകവരുത്താന്‍ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയെന്ന് ആക്ഷേപം