ഇടുക്കി: ദേവികുളം ഗ്യാപ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചില്‍. ഇന്നലെ (06.08.2022) രാത്രിയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കല്ലും മണ്ണും റോഡിലേക്ക് പതിച്ചതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു.
ദേവികുളം ഗ്യാപ്പ് റോഡിൽ വീണ്ടും മണ്ണിടിഞ്ഞു; ഗതാഗതം നിലച്ചു - നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന റോഡുകള്‍
പ്രദേശത്ത് മുമ്പ് ഉണ്ടായ മണ്ണിടിച്ചിലിലെ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോള്‍ ദേവികുളം ഗ്യാപ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചില്‍
ഗ്യാപ്പ് റോഡിൽ നിന്നും ബൈസൺവാലി ഭാഗത്തേക്ക് വരുന്ന പോക്കറ്റ് റോഡ് കൂടിച്ചേരുന്ന ഭാഗത്താണ് ഇന്നലെ മണ്ണിടിച്ചിൽ ഉണ്ടായത്. പാതയോരത്ത് നിന്നും കല്ലും മണ്ണും ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം വീണ്ടും നിലച്ചു. നിലവില്‍ ഇതുവഴി പോകേണ്ട വാഹനങ്ങൾ വഴി തിരിച്ചുവിട്ടിരിക്കുകയാണ്.
മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യമായതിനാല്‍ ഗ്യാപ്പ് റോഡിലൂടെയുള്ള രാത്രി യാത്രയ്‌ക്ക് മുമ്പ് തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് റോഡിന്‍റെ മറ്റൊരു ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ച് ദിവസങ്ങൾ പിന്നിടുന്നതിന് മുമ്പേയാണ് പ്രദേശത്ത് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.