ഇടുക്കി: പെരിയകനാലിന് സമീപം മലയിടിഞ്ഞ് താഴ്ന്നു. ബി ഡിവിഷന്‍-പെരിയകനാല്‍ റോഡിന് സമീപമാണ് ഭൂമി വിണ്ട് കീറി ഇടിഞ്ഞ് താഴ്ന്ന നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഭൂമി കുലുക്കത്തിന് സമാനമായ രീതിയില്‍ മലയിടിഞ്ഞ് താഴ്ന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നൂറ്റിയമ്പത് മീറ്ററോളം വരുന്ന പ്രദേശം നാലടിയോളം വിണ്ട് കീറി ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്. മുട്ടുകാട് പാടശേഖരത്തില്‍ ഒന്നരകിലോമീറ്റര്‍ ഉയരത്തിലുള്ള മലമുകളിലാണ് വിള്ളൽ രൂപപ്പെട്ടത്. മല ഇടിഞ്ഞ് വീണാല്‍ താഴ്ന്ന ഭാഗത്തെ രണ്ട് എസ്റ്റേറ്റുകളിലെ കൃഷിയും നിരവധി വീടുകളും നശിക്കും.
ഇടുക്കി പെരിയകനാലിന് സമീപം മലയിടിഞ്ഞ് താഴ്ന്നു - പെരിയകനാല്‍
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഭൂമി കുലുക്കത്തിന് സമാനമായ രീതിയില്‍ പെരിയകനാലിന് സമീപം മല ഇടിഞ്ഞത്.
മഴയെ തുടര്‍ന്ന് മലമുകളില്‍ ഉറവച്ചാലുകള്‍ സജീവമായതോടെ ഉരുള്‍പൊട്ടലിനുള്ള സാധ്യതയും വര്‍ധിച്ചു. പ്രദേശത്ത് നേരത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായതായും ഭീതിയോടെയാണ് കഴിയുന്നതെന്നും മുട്ടുകാട് നിവാസികള്‍ പറഞ്ഞു. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരും റവന്യൂ, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അടിയന്തരമായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രദേശവാസികളെ മാറ്റി പാർപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.