ഇടുക്കി :സംസ്ഥാന സർക്കാരിനെതിരെ ശക്‌തമായ സമരത്തിന് ഒരുങ്ങി ഇടുക്കിയിലെ കർഷക സംഘടനകളും വ്യാപാരികളും. ഭൂനിയമം ഭേദഗതി ചെയ്യുമെന്ന് ഉറപ്പ് നൽകിയതിന് പിന്നാലെ പട്ടയങ്ങളുടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയതോടെയാണ് ജില്ലയിൽ വീണ്ടും പ്രതിഷേധം ശക്‌തമാകുന്നത്.
കർഷക സംഘടനകളേയും ജാതി മത സാമുദായിക സംഘടനകളേയും കൂട്ടിയോജിപ്പിച്ചുള്ള പ്രക്ഷോഭത്തിനാണ് ഇടുക്കി ലാന്‍ഡ് ഫ്രീഡം മൂവ്മെന്‍റ് തയ്യാറെടുക്കുന്നത്. കേരളം ഇതുവരെ കാണാത്ത ജനകീയ പ്രതിഷേധമാകും ഇടുക്കിയിൽ നടക്കുക. ഇതിൻ്റെ മുന്നോടിയായി പ്രാദേശിക ഘടകങ്ങൾ രൂപീകരിച്ച് ചിട്ടയായ സംഘടനാ സംവിധാനവും ഒരുക്കി കഴിഞ്ഞു.
ഇടുക്കി ജില്ല വീണ്ടും ഭൂസമരത്തിലേക്ക് ; സർക്കാരിനെതിരെ കർഷക സംഘടനകളും വ്യാപാരികളും പ്രക്ഷോഭത്തിന് ഹൈക്കോടതി ഉത്തരവിൻ്റെ പേരിൽ ചട്ടവിരുദ്ധമായ നിർമാണ പ്രവർത്തനങ്ങൾ കണ്ടെത്തി പട്ടയം റദ്ദ് ചെയ്യൽ നടപടിയുമായി മുന്നോട്ടുപോകാൻ നിർദേശം നൽകി കഴിഞ്ഞ മാസം ആറിനാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. എന്നാൽ ഇത് പ്രകാരം സംസ്ഥാനത്ത് മറ്റൊരു ജില്ലയിലും നടപടി ആരംഭിച്ചിട്ടില്ല.
ഇടുക്കിയിലാകട്ടെ നൂറ് കണക്കിനാളുകൾക്ക് റവന്യൂ വകുപ്പ് നോട്ടിസ് നൽകുകയും ചെയ്തു. ഇതോടെയാണ് ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നിയമ ഭേദഗതി വേഗത്തിലാക്കുമെന്ന സർക്കാർ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചിരുന്ന കർഷക സംഘടനകൾ വീണ്ടും ജനകീയ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്.
പത്തിലധികം കർഷക സംഘടനകൾ ചേർന്ന് രൂപം നൽകിയ ഇടുക്കി ലാന്‍ഡ് ഫ്രീഡം മൂവ്മെൻ്റിനൊപ്പം ജാതി മത സാമുദായിക സംഘടനകളും ഇത്തവണ പ്രക്ഷോഭത്തിനിറങ്ങും. ഇതിൻ്റെ ഭാഗമായി ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ, വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരുമായി സംഘടനാ നേതാക്കൾ കൂടിക്കാഴ്‌ച നടത്തി.