ഇടുക്കി:തൊടുപുഴ മുട്ടം കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ അഞ്ചംഗ കുടുംബം മരണപ്പെട്ടു. സോമന്‍, അമ്മ തങ്കമ്മ (75), ഭാര്യ ജയ, മകള്‍ ഷിമ (25), ചെറുമകന്‍ ദേവാനന്ദ് (5) എന്നിവരാണ് മരിച്ചത്. ദുരന്തത്തില്‍ ഇവരുടെ വീട് പൂര്‍ണമായും ഒലിച്ച് പോയിരുന്നു.
തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടലിന്‍റെ ദൃശ്യങ്ങള്‍ കുടയത്തൂര്‍ ജംഗ്ഷനിലുള്ള മാളിയേക്കല്‍ കോളനിക്ക് മുകളില്‍ തിങ്കളാഴ്‌ച പുലര്‍ച്ചെ 3നാണ് ഉരുള്‍പൊട്ടലുണ്ടായത്. അപകടത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ തങ്കമ്മയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ദേവനന്ദുവിന്‍റെയും ഷിമയുടേയും കണ്ടെത്തി. പിന്നീടാണ് സോമന്‍റെയും ഭാര്യ ജയയുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
വീട് നിന്നിരുന്ന സ്ഥലത്തിന് താഴെയായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ വീട് നിന്നിരുന്ന പ്രദേശം ഒലിച്ച് പോയി. രാത്രി ആരംഭിച്ച ശക്തമായ മഴക്ക് രാവിലെ അല്‍പം ശമനമുണ്ട്.
റവന്യൂവകുപ്പും സ്ഥലത്തുണ്ട്. തെരച്ചിലിനായി തൃശൂരില്‍ എന്‍ഡിആര്‍എഫ് സംഘം സംഭവ സ്ഥലത്തേക്കെത്തിയിരുന്നു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ തൊടുപുഴ പുളിയന്മല റോഡിലൂടെയുള്ള രാത്രി യാത്ര ഇന്ന് മുതല്‍ നിരോധിച്ചതായി ജില്ല കലക്‌ടര്‍ അറിയിച്ചു. അതേസമയം കേരളത്തില്‍ അടുത്ത നാലു ദിവസം ഒറ്റപ്പെട്ട ശക്തമായി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
മധ്യ-വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴക്ക് സാധ്യത. നാളെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കി. കോട്ടയം മുതല്‍ ഇടുക്കി വരെയും പാലക്കാട് മുതല്‍ കാസര്‍കോട് വരെയുമാണ് മഴ മുന്നറിയിപ്പ്. മറ്റ് ജില്ലകളില്‍ സാധാരണ മഴ പെയ്യും. മലയോര മേഖലകളിലാണ് കൂടുതല്‍ മഴക്ക് സാധ്യത.