ഇടുക്കി: നിര്‍മാണ നിരോധനവും ഭൂപതിവ് ചട്ടങ്ങളും ഇടുക്കിയിലെ വിനോദ സഞ്ചാര മേഖലക്ക് കനത്ത തിരിച്ചടിയായി മാറുന്നു. ടൂറിസം വകുപ്പിന്‍റെ പ്രധാന പദ്ധതിയായ കാരവാന്‍ കേരള ടൂറിസം ജില്ലയില്‍ നടപ്പിലാക്കാന്‍ 64ലെ ഭൂപതിവ് ചട്ടം വിലങ്ങ് തടിയാകുന്നു. ഇത് മറികടന്ന് കാരവാന്‍ പാര്‍ക്കുകള്‍ ആരംഭിച്ചാല്‍ പിന്നീട് നിയമക്കുരുക്കുകള്‍ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് സംരംഭകർ.
നിർമാണ നിരോധനവും ഭൂപതിവ് ചട്ടങ്ങളും കാരവാൻ ടൂറിസത്തിന് തടസം ഭൂപതിവ് ചട്ടം കാരവാൻ ടൂറിസത്തിന് വിലങ്ങുതടി
ടൂറിസം വകുപ്പിന്‍റെ അഭിമാന പദ്ധതിയാണ് കാരവാന്‍ കേരള. ടൂറിസം രംഗത്ത് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതി കഴിഞ്ഞ ഫെബ്രുവരി 25നാണ് വാഗമണില്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തത്. സംസ്ഥാനത്ത് 353 കാരവാനുകളും 120 കാരവാന്‍ പാര്‍ക്കും ആരംഭിക്കുന്നതിനാണ് ടൂറിസം വകുപ്പ് പദ്ധതി ഇട്ടിരിക്കുന്നത്.
എന്നാല്‍ ഈ പദ്ധതി ഇടുക്കിയില്‍ നടപ്പിലാക്കുന്നതിന് 1964-ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യേണ്ടി വരുമെന്നതാണ് വാസ്‌തവം. 64ലെ ചട്ടമനുസരിച്ച് പട്ടയം ലഭിച്ചിരിക്കുന്ന ഇടുക്കി ജില്ലയിലെ ഭൂരിഭാഗം വില്ലേജുകളിലും കാരവാന്‍ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ നിയമ തടസമുണ്ട്. ചട്ടപ്രകാരം ലഭിച്ചിരിക്കുന്ന പട്ടയ ഭൂമിയില്‍ കൃഷിക്കും വീട് നിര്‍മാണത്തിനും മാത്രമാണ് അനുമതി.
പള്ളിവാസലിന് സമീപം കാരവാന്‍ പാര്‍ക്ക് നിര്‍മിക്കാനുള്ള സ്വകാര്യ സംരംഭകന്‍റെ അപേക്ഷ പ്രകാരം റവന്യൂ വകുപ്പില്‍ നിന്നുള്ള കൈവശാവകാശ രേഖ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പഞ്ചായത്തിലേക്ക് നല്‍കുന്ന എല്ലാ കൈവശാവകാശ രേഖകളിലും സര്‍ട്ടിഫിക്കറ്റുകളിലും ഭൂമി ഏത് ആവശ്യത്തിന് പതിച്ച് നല്‍കിയിരിക്കുന്നുവെന്ന് വ്യക്തമാക്കണമെന്നാണ് റവന്യൂ വകുപ്പിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇതാണ് കാരവാന്‍ പാര്‍ക്കിനും വെല്ലുവിളിയാകുന്നത്.
ഗാർഹികേതര നിർമാണങ്ങൾക്ക് വിലക്ക്
നിയമതടസത്തിനൊപ്പം നിര്‍മാണ നിരോധനം നിലനില്‍ക്കുന്ന എട്ട് വില്ലേജുകളിലും കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മറ്റ് വില്ലേജുകളിലും ഗാര്‍ഹികേതര നിര്‍മാണങ്ങള്‍ക്ക് വിലക്കുണ്ട്. ബൈസണ്‍വാലി വില്ലേജില്‍ നീന്തല്‍ കുളം നിര്‍മിക്കുന്നതിന് പോലും ഭൂപതിവ് ചട്ട ലംഘനം ചൂണ്ടികാട്ടി റവന്യൂ വകുപ്പ് നോട്ടീസ് അയച്ചിരുന്നു.
ഈ സാഹചര്യത്തില്‍ 50 സെന്‍റ് സ്ഥലത്ത് ജല സംഭരണികള്‍, വിനോദത്തിനുള്ള തുറന്ന ഇടം, ഡ്രൈവ് ഇന്‍ ഏരിയ, മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനം, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ എന്നിവയടക്കം കാരവാന്‍ പാര്‍ക്ക് നിര്‍മിക്കാന്‍ നിലവിലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാതെ കഴിയില്ല. വിവരം മന്ത്രിയെ നേരിട്ട് അറിയിച്ചിരിക്കുകയാണ് ഇടുക്കിയിലെ സ്വകാര്യ സംരംഭകര്‍.
Also Read: കെഎസ്ആർടിസി ഡീസൽ വില വർധന; സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍