ഇടുക്കി: ജില്ലയിലെത്തുന്ന സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രങ്ങളിലൊന്നായ കുയിലുമല മൈക്രോ വ്യൂ പോയിന്‍റ് അടച്ചു. ഇടുക്കി നഗരംപാറ റേഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മൈക്രോ വ്യൂ പോയന്‍റ് അടച്ചത്. പ്രവേശന കവാടത്തിൽ ഇരുമ്പ് ചെക്ക് പോസ്റ്റും ഗെയ്റ്റും സ്ഥാപിച്ചിരിക്കുകയാണ് അധികൃതര്‍. കാട്ടു തീ പടരുന്നത് തടയാനും വന്യ ജീവികള്‍ ജനവാസ മേഖലയിലേക്ക് കടക്കുന്നത് ഒഴിവാക്കാനുമാണ് നടപടി സ്വീകരിച്ചതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
കുയിലുമല മൈക്രോ വ്യൂ പോയിന്‍റ് അടച്ചു; പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം - കുയിലുമല മൈക്രോ വ്യൂ പോയന്‍റ്
കാട്ടു തീ പടരുന്നത് തടയാനും വന്യ ജീവികള്‍ ജനവാസ മേഖലയിലേക്ക് കടക്കുന്നത് ഒഴിവാക്കാനുമാണ് നടപടി സ്വീകരിച്ചതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. ജില്ലയിലെ ടൂറിസം മേഖലയുടെ വികസനത്തിന്‍റെ മുനയൊടിക്കുന്ന നീക്കമാണെന്നാണ് യൂത്ത് ഫ്രണ്ട് ജേക്കബ് വിഭാഗത്തിന്‍റെ ആരോപണം
അതേസമയം വനം വകുപ്പിന്‍റെ നടപടിക്കെതിരെ പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം രംഗത്തെത്തി. ജില്ലയിലെ ടൂറിസം മേഖലയുടെ വികസനത്തിന്‍റെ മുനയൊടിക്കുന്ന നീക്കമാണ് വനം വകുപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് യൂത്ത് ഫ്രണ്ട് ജേക്കബ് വിഭാഗം ഇടുക്കി ജില്ലാ പ്രസിഡന്‍റ് ടിൻസ് ജെയിംസ് ആലപ്പുരയ്‌ക്കല്‍ ആരോപിച്ചു.
പ്രതിദിനം നിരവധി സന്ദർശകർ മൈക്രോ വ്യൂ പോയിന്‍റ് സന്ദർശിച്ചിരുന്നു. കുടുംബമായും മറ്റും നിരവധി ആളുകളാണ് ഈ മേഖലയിലേക്ക് സായാഹ്നങ്ങൾ ആഘോഷിക്കാന്‍ എത്തിയിരുന്നത്. ജില്ലാ ആസ്ഥാന മേഖലയിലുള്ള ആളുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഉല്ലാസ കേന്ദ്രമായിരുന്നു മൈക്രോ വ്യൂ പോയന്‍റ്. ഈ സാഹചര്യത്തിൽ വ്യൂ പോയന്‍റ് തുറക്കുകയോ ഈ പ്രദേശങ്ങളിലെ ഇക്കോ ടൂറിസ സാധ്യതകൾ പ്രയോജനപ്പെടുത്തുവാനോ ബന്ധപെട്ടവർ തയാറെടുക്കണമെന്നും അല്ലാത്തപക്ഷം സമര പരിപാടികൾക്ക് രൂപം നൽകുമെന്നും ടിൻസ് ജെയിംസ് പറഞ്ഞു.