ഇടുക്കി : പൊന്മുടി അണക്കെട്ടിനോട് ചേർന്ന് ഹൈഡൽ ടൂറിസത്തിന് പാട്ടത്തിന് നൽകിയ ഭൂമി സംബന്ധിച്ച രേഖകൾ നോട്ടിസ് കാലാവധി കഴിഞ്ഞിട്ടും ഹാജരാക്കാതെ കെഎസ്ഇബി. പുറമ്പോക്ക് ഭൂമി നിയമ വിരുദ്ധമായി കൈമാറിയത് വിവാദമായതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ റവന്യൂ വകുപ്പ് നോട്ടിസ് നൽകിയത്. പൊന്മുടി അണക്കെട്ടിനോട് ചേർന്ന് കെഎസ്ഇബിയുടെ കൈവശമുള്ള 21 ഏക്കർ സ്ഥലമാണ് ഹൈഡൽ ടൂറിസം പദ്ധതിക്കായി രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് കൈമാറിയത്.
ഇതിൽ റവന്യൂ പുറമ്പോക്ക് ഭൂമിയുമുണ്ടെന്ന് 2019 ൽ ഉടുമ്പൻചോല തഹസിൽദാർ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇത് തെറ്റാണെന്നായിരുന്നു കെഎസ്ഇബിയുടെ വാദം. തുടർന്ന് രേഖകൾ ഹാജരാക്കാൻ ഭൂരേഖ തഹസിൽദാർ നോട്ടിസ് നൽകി.
കെഎസ്ഇബിയുടെ കല്ലാർകുട്ടിയിലെ ജനറേഷൻ വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർക്കും ഡാം സുരക്ഷ വിഭാഗത്തിലെ പാംബ്ല എക്സിക്യുട്ടീവ് എൻജിനീയർക്കും രാജാക്കാട് സർവീസ് സഹകരണ ബാങ്കിനുമാണ് നോട്ടിസ് നൽകിയത്. പതിനഞ്ച് ദിവസത്തികം ഹാജരാക്കാനായിരുന്നു നിർദേശം. എന്നാൽ സമയ പരിധി കഴിഞ്ഞിട്ടും കെഎസ്ഇബി രേഖകളൊന്നും കൈമാറിയില്ല.