ഇടുക്കി: വൈദ്യുതി ബില്ലില്‍ ഷോക്കേറ്റ് വൈദ്യുത മന്ത്രിയുടെ നാടും. മലയോരത്തെ നിര്‍ദ്ധന കുടുംബങ്ങളില്‍ ഇത്തവണ എത്തിയത് അഞ്ചക്ക വൈദ്യുതി ബില്ലാണ്. കൂലിവേല ചെയ്ത് ഉപജീവന മാര്‍ഗം കണ്ടെത്തുന്ന ഇടുക്കി രാജാക്കാട് സ്വദേശിയായ രാജമ്മയ്ക്ക് ഇത്തവണ ലഭിച്ച വൈദ്യുതി ചാര്‍ജ് പതിനായിരത്തിന് മുകളിലാണ്.
വൈദ്യുതി ബില്ലില്‍ ഷോക്കേറ്റ് മലയോര മേഖലയും
ഇടുക്കി രാജാക്കാട് സ്വദേശിയായ രാജമ്മയ്ക്ക് ഇത്തവണ ലഭിച്ച വൈദ്യുതി ചാര്‍ജ് പതിനായിരത്തിന് മുകളിലാണ്
പരാതിയുമായി എത്തുന്ന ഉപഭോക്താക്കളോട് വയറിങ് പ്രശ്‌നമാണ് ബില്‍ കൂടാന്‍ കാരണമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. വിധവയായ വീട്ടമ്മ ഒറ്റക്കാണ് താമസം. ഏലത്തോട്ടത്തില്‍ ജോലിക്ക് പോയാണ് ഉപജീവന മാര്‍ഗം കണ്ടെത്തുന്നത്. ഗാര്‍ഹിക ഉപഭോക്താവായ ഇവര്‍ക്ക് ഇത്തവണ ലഭിച്ചിരിക്കുന്ന വൈദ്യുത ബില്ല് 11,395 രൂപയാണ്. കഴിഞ്ഞ തവണ ഇത് 192 രൂപ മാത്രമായിരുന്നു. വീട്ടില്‍ ആകെ ഉപയോഗിക്കുന്നത് ഒന്നോ രണ്ടോ സിഎഫ്എലും ഒരു ടിവിയും മാത്രമാണ്. ബില്‍ കൂടിയതിന്‍റെ കാരണം അന്വേഷിച്ച് കെഎസ്ഇബിയെ സമീപിച്ചെങ്കിലും എര്‍ത്ത് ചോര്‍ച്ചയാണ് ബില്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് അധികൃതരുടെ മറുപടി. കൂലി വേല ചെയ്ത് ഉപജീവന മാര്‍ഗം കണ്ടെത്തുന്ന രാജമ്മ ഇത്തവണത്തെ ബില്‍ എങ്ങനെ അടയ്ക്കുമെന്ന ആശങ്കയിലാണ്.