ഇടുക്കി: ഇടുക്കി എഞ്ചിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍ വധക്കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നിഖിൽ പൈലിയെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ആരും നിഖിൽ പൈലി കുത്തിയത് കണ്ടിട്ടില്ല. സാക്ഷിയില്ലാത്ത കേസ് നിലനില്‍ക്കില്ല. ജയിലിൽ കിടക്കുന്നത് നിരപരാധികൾ ആണ്. കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കെ സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കെ സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചു. പിണറായിയുടെ ഭരണം കുടുംബത്തിന് വേണ്ടിയാണ്, നാടിന് വേണ്ടിയല്ല. കൊവിഡാണ് പിണറായിയെ രണ്ടാം വട്ടവും ഭരണത്തിലെത്തിച്ചത്. പിണറായി ഭരിക്കുന്നത് നാടിനുവേണ്ടിയാണോ വീടിനുവേണ്ടിയാണോ എന്ന് വ്യക്തമാക്കണമെന്നും സുധാകരന്‍ പറഞ്ഞു.
കെ സുധാകരന്‍ മാധ്യമങ്ങളെ കാണുന്നു Also read: 'രാജ്യത്തിന് അപമാനം' ; വിദ്യാര്‍ഥികളോട് ശുചിമുറി വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടതില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍
ഗാഡ്‌ഗില്‍ വിഷയത്തിൽ കോൺഗ്രസ് നിലപാട് തെറ്റായിരുന്നു. പി.ടി തോമസിൻ്റെ നിലപാടായിരുന്നു ശരിയെന്ന് പിന്നീട് ബോധ്യപ്പെട്ടു. കെ റെയിൽ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ല. എന്തുവിലകൊടുത്തും പദ്ധതി തടയും. കേരളത്തെ വലിയ കടക്കെണിയിൽ തള്ളിയിടുന്നതാണ് പിണറായിയുടെ കെ റെയിൽ പദ്ധതിയെന്നും സുധാകരൻ ആരോപിച്ചു.
പാർട്ടി പുനസംഘടന 2-3 ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നും ജംബോ കമ്മിറ്റി ഉണ്ടാവില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. പിന്നിൽ നിന്ന് കുത്തി എന്നത് സതീശന്‍റെ ആലങ്കാരിക പ്രയോഗം മാത്രമാണ്. സതീശനുമായി പ്രശ്‌നങ്ങളില്ലെന്നും കോൺഗ്രസിൽ പുതിയ ഗ്രൂപ്പുകൾ ഉണ്ടാവില്ലെന്നും സുധാകരൻ പറഞ്ഞു.