ഇടുക്കി :കാട്ടാനപ്പേടിയിൽ ശാന്തന്‍പാറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലുള്‍പ്പെടുന്ന കോഴിപ്പന്നക്കുടി നിവാസികള്‍ കുടിവെള്ളത്തിനായി കാട്ടിലൂടെ സഞ്ചരിക്കേണ്ടത് ഒരു കിലോമീറ്ററോളം ദൂരം. സർക്കാർ നടപ്പിലാക്കിയ പദ്ധതി പ്രവർത്തനരഹിതമായതോടെയാണ് പ്രദേശവാസികള്‍ക്ക് കുടിവെള്ള ക്ഷാമം നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട വനം വകുപ്പ് വാച്ചര്‍ ശക്തിവേലിന്‍റേതുള്‍പ്പടെ കൊഴിപ്പനക്കുടിയിലെ ഇരുപതോളം കുടുംബങ്ങള്‍ ശുദ്ധ ജലത്തിനായി നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണ്.
എപ്പോള്‍ വേണമെങ്കിലും കാട്ടാനകള്‍ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള വഴിയിലൂടെ നടന്നുവേണം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലുള്ള കുളത്തിലേക്ക് പോകാന്‍. കാട്ടാനയെ ഭയന്ന് കുടിയിലെ വീട്ടമ്മമാര്‍ കൂട്ടമായാണ് വെള്ളമെടുക്കാന്‍ പോകുന്നത്. വേനലായാല്‍ ഇതേ കുളത്തില്‍ നിന്നാണ് കാട്ടാനയുള്‍പ്പടെയുള്ള വന്യ മൃഗങ്ങളും വെള്ളം കുടിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.