നീനുവിനെ നമ്മളാരും മറന്നിട്ടില്ല, കെവിന്‍ എന്ന പേരും. കേരളം സാക്ഷിയായ ആദ്യ ദുരഭിമാനക്കൊലയില്‍ നീതിപീഠം ശിക്ഷ വിധിച്ചിരിക്കുന്നു. താഴ്ന്ന ജാതിയില്‍ പെട്ട കെവിനുമായുള്ള നീനുവിന്‍റെ ബന്ധത്തോട് അച്ഛനും സഹോദരനും കടുത്ത എതിര്‍പ്പായിരുന്നു. ഈ പകയാണ് യുവാവിന്‍റെ കൊലയിൽ കലാശിച്ചത്. കേരളം വേദനയോടെ മാത്രം കേള്‍ക്കുന്ന ക്രൂര ദുരഭിമാനകൊലയുടെ നാള്‍വഴികളിലേക്ക്...
2018 മെയ് 24: കോട്ടയം നട്ടാശേരി സ്വദേശി കെവിനും കൊല്ലം തെന്മല സ്വദേശിനി നീനുവും തമ്മില്‍ നിയമപരമായി വിവാഹിതരാകുന്നു. അന്നുതന്നെ വിവരം ബന്ധുക്കളെ അറിയിച്ചു.
2018 മെയ് 26: നീനുവിന്‍റെ ബന്ധുക്കൾ പൊലീസ് സാന്നിധ്യത്തിൽ ഇരുവരുമായി ചർച്ച നടത്തിയെങ്കിലും അനുനയത്തില്‍ എത്തിയില്ല.
2018 മെയ് 27: മാന്നാനത്തെ ബന്ധുവീട്ടിൽ നിന്നും കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോയും സംഘവും കെവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി. പിന്നാലെ കെവിന്‍റെ പിതാവ് ജോസഫ് ഗാന്ധി നഗര്‍ പൊലീസില്‍ പരാതി നല്‍കി. മുഖ്യമന്ത്രിക്ക് അകമ്പടി പോകണമെന്ന് പറഞ്ഞ് പൊലീസ് പരാതി അവഗണിച്ചു. കെവിന്‍റെ സുഹൃത്തായ അനീഷിനെ പ്രതികള്‍ മര്‍ദിച്ച് അവശനാക്കി കോട്ടയത്തിന് സമീപം ക്രാന്തിക്കവലയിൽ ഉപേക്ഷിച്ചു. അനീഷ് പൊലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചുവെങ്കിലും ദ്രുതഗതിയിൽ നടപടിയുണ്ടായില്ല. വിഷയം വിവാദമായതോടെ നീനുവിന്‍റെ സഹോദരൻ ഷാനു ചാക്കോയടക്കം 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെവിനൊപ്പം പോകണമെന്ന് നീനു പറഞ്ഞതിനാൽ കോടതി നീനുവിനെ കെവിന്‍റെ മാതാപിതാക്കൾക്കൊപ്പം വിട്ടു.
2018 മെയ് 28: കാത്തിരിപ്പുകള്‍ക്കൊടുവില്‍ കൊല്ലം തെന്മല ചാലിയക്കര പുഴയിൽ നിന്നും കെവിന്‍റെ മൃതദേഹം പൊലീസ് കണ്ടെടുത്തു. പൊലീസിന്‍റെ നിർണായക വീഴ്‌ചകൾ പുറത്തു വന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവിയെ അടക്കം സ്ഥലം മാറ്റി. പ്രതികളെ പിടികൂടുന്നതിന് ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാല് സ്ക്വാഡുകള്‍ക്ക് രൂപം നല്‍കി. അന്വേഷണ സംഘം തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന നിയാസിനേയും റിയാസിനേയും അറസ്റ്റ് ചെയ്തു.
2018 മെയ് 29: നീനുവിന്‍റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു എന്നിവര്‍ കണ്ണൂര്‍ ജില്ലയിലെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കെവിനെ കടത്തിക്കൊണ്ടുപോയ വാഹനം ഓടിച്ച മനുവും പൊലീസ് പിടിയിലായി. പോസ്റ്റ് മോർട്ടത്തിന് ശേഷം കെവിന്‍റെ മൃതദേഹം സംസ്‌കരിച്ചു. കെവിന്‍റേത് മുങ്ങി മരണമെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കെവിനെ ബലമായി വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന ഫോറൻസിക് റിപ്പോർട്ടും പിന്നാലെ വന്നു. ഓടിച്ച് ആറ്റിൽ ചാടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്.
2018 മെയ് 31: പ്രതികളെ വഴിവിട്ട് സഹായിച്ചതിന്‍റെ പേരില്‍ എഎസ്‌ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ അറസ്റ്റിലായി.