ഇടുക്കി : ഇതര സംസ്ഥാനത്തുനിന്നും എത്തുന്ന സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ നടപടിയുമായി സംസ്ഥാന വനിത കമ്മീഷന്‍. പൂപ്പാറയില്‍ ഇതര സംസ്ഥാന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ പശ്ചാത്തലത്തിലാണ് ഇടപെടല്‍. ഇടുക്കിയിലേക്കെത്തുന്ന സ്‌ത്രീകളുടെയും കുട്ടികളുടെയും വിവരങ്ങള്‍ കൈമാറാത്ത തൊഴിലുടമകള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.
ഇടുക്കിയിലെ വിവിധ തൊഴിലിടങ്ങളിലേക്ക് ജോലിക്കായി പതിനായിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് എത്തുന്നത്. ഇക്കൂട്ടത്തില്‍ ആയിരക്കണക്കിന് സ്‌ത്രീകളും കുട്ടികളും എത്തുന്നു. എന്നാല്‍ ഇവരുടെ കൃത്യമായ വിവരങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് തൊഴിലുടമകള്‍ കൈമാറണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ല.
പൂപ്പാറ കൂട്ടബലാത്സംഗം : ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ വനിത കമ്മീഷന്‍ Also read: പൂപ്പാറ കൂട്ട ബലാത്സംഗം: അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി, പിടിയിലായവരില്‍ രണ്ടുപേര്‍ പ്രായപൂർത്തിയാകാത്തവർ
സ്‌ത്രീകളെയും കുട്ടികളെയും ദുരുപയോഗം ചെയ്‌ത നിരവധി കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതില്‍ ഒടുവിലത്തേതാണ് പൂപ്പാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം. ഇത് ഗൗരവമായാണ് വനിത കമ്മീഷന്‍ കാണുന്നതെന്നും ഇടുക്കിയുടെ ചുമതല കൂടി വഹിക്കുന്ന ഷാഹിദ കമാല്‍ പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങളും അതിക്രമങ്ങളും തടയുന്നതിന് പ്രത്യേക ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. ഒപ്പം ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുമെന്നും ഷാഹിദ കമാല്‍ വ്യക്തമാക്കി.