ഇടുക്കി: പാഴ്‌വസ്‌തുക്കള്‍ കൊണ്ട് റെക്കോഡ് സ്വന്തമാക്കിയ കഥയാണ് അടിമാലി കല്ലാർകുട്ടി സ്വദേശിനി അഞ്ജു രാമചന്ദ്രന്‍റേത്. വിനോദത്തിനായി തുടങ്ങിയ ബോട്ടിൽ ആർട്ട് ആണ് 2021ലെ ഇന്ത്യ ബുക്കോ ഓഫ് റെക്കോഡ്‌സിന് അഞ്ജുവിനെ അർഹയാക്കിയത്.
ലോക്ക്ഡൗണ്‍ കാലത്തെ വിനോദം
ലോക്ക്ഡൗൺ കാലത്ത് ഒഴിഞ്ഞ ബോട്ടിലുകളിൽ ആർട്ട് വർക്ക് ചെയ്‌താണ് തുടക്കം. പ്ലാസ്റ്റിക് ബോട്ടിലുകളുടെ അടപ്പും പഴയ കേബിളും പത്ര കടലാസും ഐസ്ക്രീം കപ്പും ഒഴിഞ്ഞ കുപ്പിയും ഉപയോഗിച്ച് ആദ്യം ഒരു ടെലിഫോൺ മോഡൽ ഉണ്ടാക്കി. കുടുംബവും സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചതോടെ ഒഴിവ് സമയം ബോട്ടില്‍ ആര്‍ട്ടിനായി മാറ്റി വയ്ക്കാന്‍ തുടങ്ങി.
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടി ഇടുക്കി സ്വദേശിനി ബോട്ടില്‍ ആര്‍ട്ടിലൂടെ റെക്കോഡിലേക്ക്
ചെറുപ്പം മുതല്‍ ചിത്രം വരയ്ക്കുന്ന അഞ്ജു ഇതിനുള്ള മാധ്യമമായാണ് പാഴ്‌കുപ്പികള്‍ ആദ്യം ഉപയോഗപ്പെടുത്തുന്നത്. കൈയില്‍ കിട്ടുന്ന എന്തിലും ഉപയോഗം കണ്ടെത്തുന്ന ശീലം കൂടി ആയതോടെ മുട്ട തൊണ്ടും പരിപ്പും പേപ്പറും കാര്‍ബോര്‍ഡ് പേപ്പറുകളുമെല്ലാം അഞ്ജുവിന്‍റെ കൈകളിലൂടെ മനോഹരമായ ആര്‍ട്ട് വര്‍ക്കുകളായി മാറി.
ഇതിനിടയില്‍ സഹോദരന്‍റെ നിർദേശപ്രകാരമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലേക്ക് അപേക്ഷ നൽകുന്നത്. മറ്റുള്ളവര്‍ ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന കുപ്പികളിലൂടെ ഒടുവില്‍ അഞ്ജു റെക്കോഡും സ്വന്തമാക്കി. വീടിനുള്ളിലെ ഒട്ടുമിക്ക അലങ്കാരങ്ങളും അഞ്ജുവിന്‍റെ കൈകളിലൂടെ രൂപമാറ്റം സംഭവിച്ച പാഴ്വസ്‌തുക്കളാണ്.
Also read: ചില്ലിന്‍റെ വരെ മേല്‍ക്കൂരയുടെ കാലത്ത് ഓലക്കച്ചവടം സജീവമാക്കി ജമീലയും കുടുംബവും