കേരളം

kerala

ETV Bharat / state

Idukki rain| ഇടുക്കിയിൽ ശക്‌തമായ മഴയും മൂടൽ മഞ്ഞും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, രാത്രി യാത്രയ്‌ക്ക് നിരോധനം

മഴ കനക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്

മഴ  ഇടുക്കി മഴ  ഇടുക്കിയിൽ ശക്‌തമായ മഴ  കേരളത്തിൽ മഴ കനക്കുന്നു  ഇടുക്കിയിൽ ശക്‌തമായ മഴയും മൂടൽ മഞ്ഞും  Kerala Rain  Kerala Rain Update  Heavy rain in kerala  Idukki Rain  ഷീബാ ജോര്‍ജ്  ദുരന്ത നിവാരണ സേന  Heavy rain in Idukki
ഇടുക്കിയിൽ ശക്‌തമായ മഴയും മൂടൽ മഞ്ഞും

By

Published : Jul 5, 2023, 7:19 AM IST

Updated : Jul 5, 2023, 8:10 AM IST

ഇടുക്കിയിൽ ശക്‌തമായ മഴയും മൂടൽ മഞ്ഞും

ഇടുക്കി : ഇടുക്കി ജില്ലയില്‍ ശക്തമായ മഴയും മൂടല്‍ മഞ്ഞും. സംസ്ഥാനത്തൊട്ടാകെ മഴ കനത്തപ്പോൾ ഇന്നലെ ഉച്ച മുതലാണ് ജില്ലയില്‍ മഴ ശക്തി പ്രാപിച്ചത്. ഉടുമ്പന്‍ചോല ഒഴികെ മറ്റ് നാല് താലൂക്കുകളിലും ഇന്നലെ ശക്തമായ മഴ പെയ്‌തു. മഴ കനക്കുന്ന സാഹചര്യത്തിൽ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല ഭരണകൂടം നിർദേശം നൽകി. ജില്ലയിൽ രാത്രി യാത്രക്ക് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.

അതിശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (05/07/2023) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്‍റർവ്യൂകൾക്കും മാറ്റമില്ല. അതേസമയം പീരുമേട് താലൂക്കിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉടുമ്പൻഞ്ചോലയിൽ 10 മില്ലിമീറ്റർ, ദേവികുളം 73.8 മില്ലിമീറ്റർ, പീരുമേട് 87 മില്ലിമീറ്റർ, ഇടുക്കി 62.6 മില്ലിമീറ്റർ, തൊടുപുഴ 61 മില്ലിമീറ്റർ എന്നിങ്ങനെയാണ് മഴ ലഭിച്ചത്.

മഴയ്‌ക്കൊപ്പം ഉയര്‍ന്ന പ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞും അനുഭവപ്പെടുന്നുണ്ട്. ഇത് വാഹന യാത്രികര്‍ക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ട്. ഇനിയുള്ള അഞ്ച് ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പ്രകൃതി ദുരന്തങ്ങള്‍ നേരിടാനായി വിവിധ വകുപ്പുകളുടെ യോഗം ചൊവ്വാഴ്‌ച ചേര്‍ന്നിരുന്നു.

എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയതായും മഴക്കെടുതിയെ നേരിടാൻ പൂർണ സജ്ജമാണെന്നും ജില്ല കലക്‌ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. ദുരന്ത നിവാരണ സേനയുള്‍പ്പെടെ എത് പ്രതിസന്ധി ഘട്ടങ്ങളെയും നേരിടാന്‍ തയ്യാറാണെന്നും കലക്‌ടർ വ്യക്‌തമാക്കി.

എല്ലാ വകുപ്പുകളുടെയും യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. രാത്രി യാത്രയിലും, ടൂറിസം മേഖലകളിലും, പകര്‍ച്ച വ്യാധികള്‍ക്കെതിരെയും ജാഗ്രതയും നിയന്ത്രണവും വേണമെന്നും കലക്‌ടര്‍ പറഞ്ഞു. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് പീരുമേട് താലൂക്ക് ഓഫിസില്‍ പീരുമേട് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്‌ച അടിയന്തര യോഗം ചേർന്നിരുന്നു.

പീരുമേട് മണ്ഡലത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 87 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ട് പോകുവാനും നിർദേശം നൽകിയിട്ടുണ്ട്.

മുണ്ടക്കയം കുമളി വരെയുള്ള ദേശീയ പാതയില്‍ വെള്ളക്കെട്ടിന് അടിയന്തരമായി പരിഹാരം കാണുവാനും അപകടകരമായിട്ടുള്ള മരങ്ങള്‍ ഉടന്‍ തന്നെ മുറിച്ചു മാറ്റാനും നിര്‍ദേശം നല്‍കി. അതേസമയം ജില്ലയിൽ ചിലയിടങ്ങളിൽ വ്യാപകമായ നാശനഷ്‌ടങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

വണ്ടൻമേട് വെള്ളി മലയിൽ കനത്ത മഴയിൽ വീടിൻ്റെ ഭിത്തി ഇടിഞ്ഞു വീണു. വെള്ളിമല കുന്നത്ത് ബിജുവിന്‍റെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം വീട് അപകടാവസ്ഥയിലായതോടെ ഇവരെ സമീപത്തെ വീട്ടിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. 2018ലെ പ്രളയ കാലത്തും ഈ വീടിന് കേടുപാടുകൾ സംഭവിച്ചിരുന്നു.

Last Updated : Jul 5, 2023, 8:10 AM IST

ABOUT THE AUTHOR

...view details