യുഡിഎഫ് സ്ഥാനാര്‍ഥി ഡി കുമാര്‍ മാധ്യമങ്ങളോട് ഇടുക്കി:ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. സ്ഥാനാര്‍ഥി എ രാജയുടെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നായിരുന്നു പരാതി. യുഡിഎഫ് സ്ഥാനാര്‍ഥി ഡി.കുമാറിന്‍റെ പരാതിയെ തുടര്‍ന്നാണ് നടപടി.
എ.രാജ ക്രിസ്‌തുമത വിശ്വാസിയാണെന്നാണ് ഡി.കുമാറിന്‍റെ വാദം. പട്ടിക ജാതിക്കാരനല്ലെന്നും വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ.രാജ മത്സരിച്ചതെന്നുമായിരുന്നു കുമാറിന്‍റെ പരാതി. രാജ ഹിന്ദു മതവിഭാഗത്തിൽപ്പെട്ടയാളാണെന്ന് പറയാനാകില്ലെന്നും പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാൻ രാജയ്ക്ക് യോഗ്യത ഇല്ലെന്നും ഹൈക്കോടതി പറഞ്ഞു. രാജയുടെ നാമനിര്‍ദേശം റിട്ടേണിങ് ഓഫിസര്‍ തള്ളേണ്ടതായിരുന്നെന്നും കോടതി പറഞ്ഞു.
ഉത്തരവിന്‍റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മിഷനും നിയമസഭ സ്‌പീക്കര്‍ക്കും സംസ്ഥാന സർക്കാരിനും കൈമാറണം. തെരഞ്ഞെടുപ്പ് റദ്ദാക്കിയത് ഗസറ്റിൽ വിജ്ഞാപനം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. മാട്ടുപ്പെട്ടി കുണ്ടള സിഎസ്ഐ പള്ളിയിലെ കുടുംബ രജിസ്റ്ററിലെ രാജയുടെ വിവാഹ ഫോട്ടോ അടക്കം പരിശോധിച്ചാണ് കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
ക്രിസ്‌ത്യന്‍ സമുദായത്തില്‍പ്പെട്ട അന്തോണി-എസ്‌തര്‍ ദമ്പതികളുടെ മകനാണ് രാജയെന്നും ക്രിസ്‌തു ഷൈനി പ്രിയയാണ് അദ്ദേഹത്തിന്‍റെ ഭാര്യയെന്നും ക്രിസ്‌തു മതാചാര പ്രകാരമാണ് ഇരുവരും വിവാഹിതരായതെന്നും ഡി. കുമാര്‍ കോടതിയില്‍ പറഞ്ഞു. വിവിധ അയോഗ്യതകള്‍ കാരണം സംസ്ഥാനത്ത് ഇതിന് മുമ്പും ഇത്തരത്തില്‍ തെരെഞ്ഞെടുപ്പ് റദ്ദാക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് ദേവികുളം മണ്ഡലത്തിലെ നിയമസഭാംഗത്വം റദ്ദാക്കപ്പെടുന്നത്.
കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന നടപടി: 1957ല്‍ ഇതിന് സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് ദേവികുളം മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന റോസമ്മ പുന്നൂസിന്‍റെ അംഗത്വമാണ് ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍ ഉപ തെരഞ്ഞെടുപ്പില്‍ റോസമ്മ പുന്നൂസ് വിജയിക്കുകയും ചെയ്‌തു.
കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെതിരെയും നേരത്തെ ഹൈക്കോടതി നടപടിയെടുത്തിരുന്നു. എതിര്‍ സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ ചെയ്‌തതെന്ന പരാതിയിലായിരുന്നു നടപടി. വോട്ടര്‍മാരായ രണ്ട് പേരുടെ പരാതിയെ തുടര്‍ന്നാണ് കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. തെരഞ്ഞെടുപ്പില്‍ 61,033 വോട്ട് ലഭിച്ചിരുന്ന അന്ന് കാരാട്ട് റസാഖിന് 573 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയായിരുന്നു വിജയം.
അഴീക്കോട് എംഎല്‍എയായ കെ.എം ഷാജി വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം.വി നികേഷ് കുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. ഹൈക്കോടതിയുടെ, ഷാജിക്കെതിരെയുള്ള ഈ നടപടി കേരള രാഷ്‌ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കെ.എം ഷാജി നിയമസഭയിലേക്ക് എത്തിയത്.
സിഎച്ച് മുഹമ്മദ് കോയയും കെ എം മാണിയും ഇതേ സാഹചര്യങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്. ക്രിസ്‌ത്യന്‍, മുസ്‌ലിം സമുദായങ്ങളില്‍പ്പെട്ട വോട്ടര്‍മാരുടെ പിന്തുണ ലഭിക്കുന്നതിന് വേറിട്ട വഴി തേടിയെന്നതായിരുന്നു ഇരുവര്‍ക്കും എതിരെയുണ്ടായിരുന്ന പരാതി. സംഭവത്തെ തുടര്‍ന്ന് എംഎല്‍എ സ്ഥാനം നഷ്‌ടമായിരുന്നു.
also read:അനധികൃത സ്വത്ത് സമ്പാദനം: എ രാജയ്‌ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു