ഇടുക്കി: ബൈസൺവാലി പഞ്ചായത്തിൽ ക്ഷീര കർഷകരോട് അവഗണന കാട്ടിയെന്ന് ആരോപിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ധർണ നടത്തി. ബൈസൺവാലി ടീ കമ്പനി മൃഗാശുപത്രിയുടെ മുന്നിലായിരുന്നു ധർണ. സംസ്ഥാന സർക്കാർ റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി മൃഗസംരക്ഷണമേഖലയിൽ 11 ഇനങ്ങളിലായി വിവിധ പദ്ധതികൾക്ക് അപേക്ഷ സ്വീകരിച്ചിരുന്നു. ജില്ലയിലെ അമ്പതോളം മൃഗാശുപത്രികൾ വഴിയാണ് അപേക്ഷ സ്വീകരിച്ചത്. സമീപപ്രദേശങ്ങളിലെ എല്ലാ ആശുപത്രികളിലും പശുവളർത്തൽ, സബ്‌സിഡികൾ എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകി. 1400 പശുക്കളെ വാങ്ങുന്നതിന് നാലു കോടി 20 ലക്ഷം രൂപ സബ്സിഡി നൽകിയപ്പോൾ മന്ത്രി എംഎം മണിയുടെ സ്വന്തം പഞ്ചായത്തു കൂടിയായ ബൈസൺവാലിയിലെ ടീ കമ്പനി മൃഗാശുപത്രിയുടെ പരിധിയിലുള്ള കർഷകർക്ക് ഒരു രൂപയുടെ ധനസഹായം ലഭിച്ചില്ല.
ക്ഷീര കർഷകരോട് അവഗണന; ബൈസൺവാലി പഞ്ചായത്തിൽ കേരള കോൺഗ്രസ് ധർണ - ഇടുക്കി
ബൈസൺവാലി ടീ കമ്പനി മൃഗാശുപത്രിയുടെ മുന്നിലായിരുന്നു ധർണ. സർക്കാരിന്‍റെ റീബിൽഡ് കേരള പദ്ധതി അട്ടിമറിച്ചു എന്ന് ആരോപിച്ചായിരുന്നു ധർണ
ഉദ്യോഗസ്ഥ അനാസ്ഥയാണ് കർഷകർക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ കാരണമെന്നാണ് കേരള കോൺഗ്രസിന്‍റെ ആരോപണം . ഇതിനെതിരെയാണ് ക്ഷീരകർഷകരെ സംഘടിപ്പിച്ച് കേരളാകോൺഗ്രസിന്‍റെ നേതൃത്വത്തിൽ മൃഗാശുപത്രിയിലേക്ക് കരിങ്കൊടി പ്രകടനവും ധർണയും സംഘടിപ്പിച്ചത്. ധർണ കേരളകോൺഗ്രസ് ജോസഫ് വിഭാഗം നിയോജക മണ്ഡലം പ്രസിഡന്‍റ് സാബു പരവരാഗത്ത് ഉദ്ഘാടനം ചെയ്തു. കർഷകർക്ക് അനുകൂല തീരുമാനം ഉണ്ടായിലെങ്കിൽ വരും ദിവസങ്ങളിലും കൂടുതൽ കർഷകരെ സംഘടിപ്പിച്ച് സമരം ശക്തമാക്കാനാണ് കേരള കോൺഗ്രസിന്‍റെ തീരുമാനം. ടീ കമ്പനി മൃഗാശുപത്രിയിൽ മുൻപിൽ നടന്ന പരിപാടിയിൽ ലാലു മാടപ്പാട്ട്, ഷിജു ഏഴോലിക്കൽ, കുര്യാക്കോസ് ചേലമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.