ഇടുക്കി: അര നൂറ്റാണ്ട് പിന്നിട്ടിട്ടും കട്ടപ്പന വലിയകണ്ടത്തെ ഇരുപതോളം കുടുംബങ്ങൾക്ക് പട്ടയം നൽകുന്നില്ലെന്ന് പരാതി. പ്രദേശത്തെ 102 കുടുംബങ്ങൾക്ക് മുൻ വർഷങ്ങളിൽ പട്ടയം നൽകിയിട്ടും ഏതാനും കുടുംബങ്ങളെ മാറ്റിനിർത്തി. ഹിൽമെൻ സെറ്റിൽമെന്‍റിനായി ലാൻഡ് റജിസ്റ്ററിൽ രേഖപ്പെടുത്തിയ സ്ഥലമായതിനാലാണ് പട്ടയം അനുവദിക്കാൻ തടസമാകുന്നത്.
പട്ടയത്തിനായി കാത്തിരിപ്പ്; അവഗണന തുടര്‍ന്ന് അധികൃതര്‍ - പട്ടയം
ഒരേ മേഖലയിലുള്ളവരില്‍ ചിലർക്ക് മാത്രം പട്ടയം അനുവദിക്കുകയും മറ്റുള്ളവരെ അവഗണിക്കുകയും ചെയ്‌ത നടപടിക്കെതിരെ പ്രദേശവാസികള്‍ രംഗത്തെത്തിയിരിക്കുകയാണ്
വലിയകണ്ടം മേഖലയിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന 21 കുടുംബങ്ങൾ പട്ടയത്തിനായി കയറിയിറങ്ങാത്ത സർക്കാർ ഓഫീസുകൾ ഇല്ല. ഏറെനാളത്തെ പരിശ്രമത്തിനൊടുവിൽ ഏതാനും വർഷം മുമ്പ് പട്ടയം നൽകാൻ നടപടി സ്വീകരിച്ചു. അതിന്‍റെ അടിസ്ഥാനത്തിൽ 2018ൽ കട്ടപ്പനയിൽ നടന്ന പട്ടയ മേളയിൽ പ്രദേശത്തെ 102 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു. തുടർന്ന് കൂടുതൽ ആളുകൾ അപേക്ഷ സമർപ്പിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ആദ്യം പട്ടയം അനുവദിച്ചതിന്‍റെ നടപടികൾ ഭൂമിപതിവ് സ്‌പെഷ്യൽ തഹസിൽദാർക്ക് സ്ഥലം മാറ്റം ലഭിച്ചതോടെ മുടങ്ങി. പിന്നീട് അപേക്ഷ സമർപ്പിച്ചവരോട് ബ്ലോക്ക് 60ൽ വരുന്ന ഭൂമിക്ക് പട്ടയം അനുവദിക്കാൻ സാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. പട്ടയ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കലക്‌ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. എന്നാൽ 1993ലെ ഭൂമിപതിവ് പ്രത്യേക ചട്ടപ്രകാരം പട്ടയം അനുവദിക്കാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥ നിലപാട്. ഒരേ മേഖലയിൽ ഉള്ളവരിൽ ചിലർക്ക് മാത്രം പട്ടയം അനുവദിക്കുകയും മറ്റുള്ളവരെ അവഗണിക്കുകയും ചെയ്‌ത നടപടിക്കെതിരെയാണ് പ്രദേശവാസികൾ മുന്നോട്ട് വന്നിരിക്കുന്നത്.