ഇടുക്കി: കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റലിൽ അവിവാഹിത പ്രസവിച്ച കുഞ്ഞിന്‍റെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. ഇതോടെ ബാങ്ക് ജീവനക്കാരിയായ യുവതിക്കെതിരെ കേസെടുക്കും. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുന്ന യുവതിയെ ഡിസ്ചാർജ് ചെയ്യുന്നതിന് അനുസരിച്ചായിരിക്കും അറസ്റ്റ് ചെയ്യുക.
കട്ടപ്പനയിലെ നവജാതശിശുവിന്‍റെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തിയതോടെ ബാങ്ക് ജീവനക്കാരിയായ യുവതിയെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം.
ഓഗസ്റ്റ് 21 നാണ് ഹോസ്റ്റലിൽ യുവതി ആൺകുഞ്ഞിനെ പ്രസവിച്ചത്. യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്കും ഹോസ്റ്റലിലെ സഹവാസികൾക്കും അറിയില്ലായിരുന്നു. യുവതി ഗർഭാവസ്ഥ മറച്ചു വച്ച് ജോലിക്കും പോയിരുന്നു. പ്രസവത്തെ തുടർന്ന് യുവതി തന്നെയാണ് വിവരം പുറത്ത് പറഞ്ഞത്. വിവരമറിഞ്ഞെത്തിയവര്‍ കുഞ്ഞിനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നാണ് യുവതി മൊഴി നൽകിയത്.
ആരോഗ്യനില വഷളായ യുവതിയെ ഉടൻ തന്നെ നെടുങ്കണ്ടത്തെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇതിനിടെ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് കുഞ്ഞിന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിന് അയക്കുകയായിരുന്നു. ഇതോടെ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം.