കേരളം

kerala

ETV Bharat / state

യൂണിയന്‍ ചെയര്‍മാനെ സസ്‌പെന്‍ഡ് ചെയ്‌തു; കട്ടപ്പന കോളജ് പ്രിന്‍സിപ്പാളിനെ പൂട്ടിയിട്ട് എസ്‌എഫ്‌ഐ - കോളജ് യൂണിയൻ

ഹോസ്റ്റലില്‍ വൈകിയെത്തിയ വിദ്യാര്‍ഥിനികളെ അകത്ത് കയറ്റില്ലെന്ന് പറഞ്ഞ വാര്‍ഡന്‍റെ ചുമതലയുള്ള അധ്യാപികയെ ചോദ്യം ചെയ്‌ത സംഭവത്തിലാണ് കട്ടപ്പന ഗവൺമെന്‍റ് കോളജ് യൂണിയന്‍ ചെയര്‍മാന്‍ ജിഷ്‌ണു കെ ബിയേയും എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ രഞ്ജിത്തിനെയും സസ്‌പെന്‍ഡ് ചെയ്‌തത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു എസ്‌എഫ്‌ഐ പ്രൊഫ. വി കണ്ണനെ പൂട്ടിയിട്ടത്

SFI protest  Kattappana Govt College council  Kattappana Govt College SFI Principal issue  Kattappana Govt College  Govt College Kattappana  യൂണിയന്‍ ചെയര്‍മാനെ സസ്‌പെന്‍ഡ് ചെയ്‌തു  കോളജ് പ്രിന്‍സിപ്പാളിനെ പൂട്ടിയിട്ട് എസ്‌എഫ്‌ഐ  കട്ടപ്പന ഗവൺമെന്‍റ് കോളജ്  എസ്‌എഫ്‌ഐ  കോളജ് യൂണിയൻ  സ്റ്റാഫ്‌ കൗണ്‍സില്‍
യൂണിയന്‍ ചെയര്‍മാനെ സസ്‌പെന്‍ഡ് ചെയ്‌തു; കട്ടപ്പന കോളജ് പ്രിന്‍സിപ്പാളിനെ പൂട്ടിയിട്ട് എസ്‌എഫ്‌ഐ

By

Published : Nov 4, 2022, 4:01 PM IST

ഇടുക്കി: കട്ടപ്പന ഗവൺമെന്‍റ് കോളജിൽ പ്രിൻസിപ്പാള്‍ പ്രൊഫ. വി കണ്ണനെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പൂട്ടിയിട്ടു. കോളജ് യൂണിയൻ ചെയർമാൻ ജിഷ്‌ണു കെ ബിയെ സസ്പെൻഡ് ചെയ്‌തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ഹോസ്റ്റലില്‍ വൈകിയെത്തിയ വിദ്യാര്‍ഥിനികളെ അകത്ത് കയറ്റില്ലെന്ന് പറഞ്ഞ വാര്‍ഡന്‍റെ ചുമതലയുള്ള അധ്യാപികയെ ചോദ്യം ചെയ്‌തതിനാണ് ജിഷ്‌ണുവിനെ സസ്പെന്‍ഡ് ചെയ്‌തത്.

കോളജ് പ്രിന്‍സിപ്പാളിനെ പൂട്ടിയിട്ട് എസ്‌എഫ്‌ഐ

ഒക്‌ടോബര്‍ 28 ന്, എത്താന്‍ വൈകി എന്നാരോപിച്ച് രണ്ടു വിദ്യാര്‍ഥിനികളെ ഹോസ്റ്റലില്‍ കയറ്റാനാകില്ലെന്ന് വാര്‍ഡന്‍ നിലപാടെടുത്തു. ഹോസ്റ്റല്‍ സമയം വൈകിട്ട് ആറ് മണി വരെയാണെന്നും ഒരു മിനിറ്റാണ് തങ്ങള്‍ വൈകിയത് എന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു. ഇത് ചോദിക്കാനായി എത്തിയ യൂണിയന്‍ ചെയര്‍മാന്‍ ജിഷ്‌ണുവും എസ്‌എഫ്‌ഐ അംഗമായ രഞ്ജിത്തും വാര്‍ഡന്‍ ഇന്‍ ചാര്‍ജുള്ള അധ്യാപികയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.

പിന്നീട് വനിത ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി വാര്‍ഡന്‍റെ ചുമതലയുള്ള അധ്യാപികയോട് മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുകയും ചെയ്‌തു എന്നാരോപിച്ച് കോളജ് കൗണ്‍സില്‍ ഇരുവര്‍ക്കും എതിരെ നടപടി എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും എട്ട് ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്‌തു. ഇതിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ രാവിലെ 10.30 മുതൽ പ്രിൻസിപ്പാള്‍ പ്രൊഫ. വി കണ്ണനെ മുറിയിൽ പൂട്ടിയിട്ട് സമരം ചെയ്‌തത്.

വിഷ്‌ണുവും രഞ്ജിത്തും വനിത ഹോസ്റ്റലിൽ അതിക്രമിച്ചു കടന്നുവെന്നത് കെട്ടിച്ചമച്ചതാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. കട്ടപ്പന പൊലീസ് എത്തി പ്രിന്‍സിപ്പാളുമായി ചര്‍ച്ച നടത്തി സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് സ്റ്റാഫ്‌ കൗണ്‍സില്‍ യോഗത്തിന് ശേഷം പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.

തുടര്‍ന്ന് പ്രിൻസിപ്പാളിനെ പുറത്തു വിടില്ലെന്ന് പ്രതിഷേധക്കാരും നിലപാട് സ്വീകരിച്ചു. ഇതോടെ പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ എട്ട് ദിവസത്തെ സസ്‌പെന്‍ഷന്‍ മൂന്ന് ദിവസമാക്കി കുറച്ചു. അതേസമയം ഒത്തുതീർപ്പിൽ പറഞ്ഞ കാര്യങ്ങളിൽ മാറ്റമുണ്ടായാൽ സമരം വീണ്ടും ശക്തമാക്കുമെന്ന് പ്രതിഷേധക്കാരും അറിയിച്ചു.

ABOUT THE AUTHOR

...view details