കേരളം

kerala

ETV Bharat / state

പ്രളയം കഴിഞ്ഞ് ഒരു വര്‍ഷത്തോട് അടുക്കുന്നു; കറുപ്പനും കുടുംബവും ദുരിതാശ്വാസ ക്യാമ്പില്‍ തന്നെ - relief camp

പ്രായാധിക്യവും രോഗവും കണക്കിലെടുത്ത് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കറുപ്പന്‍.

കറുപ്പൻ

By

Published : Aug 1, 2019, 2:37 AM IST

Updated : Aug 1, 2019, 3:40 AM IST

ഇടുക്കി: പ്രളയമൊഴിഞ്ഞ് ഒരു വര്‍ഷത്തോട് അടുക്കുമ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ തന്നെ ജീവിതം തുടരുകയാണ് കല്ലാര്‍ കുട്ടി സ്വദേശിയായ കറുപ്പനും കുടുംബവും. കൃത്യമായ രീതിയില്‍ പുനരധിവാസത്തിനായി നടപടിയുണ്ടായിട്ടില്ലെന്നാണ് കറുപ്പന്‍റെ പരാതി. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലായിരുന്നു കല്ലാറുകുട്ടി ലിങ്ക് റോഡിന് സമീപം താമസിച്ചിരുന്ന പട്ടാലമ്മന്‍ വീട്ടില്‍ കറുപ്പനും കുടുംബത്തിനും പ്രളയത്തെ തുടര്‍ന്ന് കിടപ്പാടം നഷ്ടമായത്. വീടിനോട് ചേര്‍ന്നുണ്ടായിരുന്ന മീന്‍കുളവും കാലിതൊഴുത്തുമെല്ലാം പ്രളയത്തിൽ നശിച്ചു.

പ്രളയം കഴിഞ്ഞ് ഒരു വര്‍ഷത്തോട് അടുക്കുന്നു; കറുപ്പനും കുടുംബവും ദുരിതാശ്വാസ ക്യാമ്പില്‍ തന്നെ

വീടിനോട് ചേര്‍ന്ന് പട്ടയമില്ലാത്ത 40 സെന്‍റോളം വരുന്ന ഭൂമി ഉണ്ടെങ്കിലും കിടക്കാന്‍ കൂരയില്ലാത്തത് കറുപ്പനേയും കുടുംബത്തേയും വലക്കുന്നു.കഴിഞ്ഞ ഒരു വര്‍ഷമായി കത്തിപ്പാറയില്‍ പ്രവര്‍ത്തിച്ച് വരുന്ന ക്യാമ്പില്‍ തന്നെയാണ് ഇവരുടെ ജീവിതം. ഭവന നിര്‍മാണത്തിനായി വെള്ളത്തൂവലില്‍ മൂന്ന് സെന്‍റ് ഭൂമി അനുവദിച്ചിട്ടുണ്ടെങ്കിലും പ്രായാധിക്യത്താല്‍ അവിടെ താമസിക്കുക അപ്രായോഗികമാണെന്ന് കറുപ്പന്‍ പറയുന്നു. മറ്റെവിടെയെങ്കിലും ഭൂമി മാറ്റി നല്‍കാന്‍ ഇടപെടലുണ്ടാകണമെന്നാണ് കറുപ്പന്‍റെ ആവശ്യം. കറുപ്പനൊപ്പം ഭാര്യയും മകനും മകന്‍റെ ഭാര്യയും രണ്ട് കൊച്ചു മക്കളും കഴിഞ്ഞ ഒരു വര്‍ഷമായി ക്യാമ്പില്‍ കഴിഞ്ഞ് വരുന്നു. പ്രളയം ബാക്കി വച്ച പുരയിടത്തില്‍ നിന്നും ലഭിക്കുന്ന തുച്‌ഛ വരുമാനമാണ് ഉപജീവനോപാധി. അടിയന്തര സഹായമായി ലഭിച്ച 10,000 രൂപ മാത്രമാണ് പ്രളയദുരിതാശ്വാസമായി ലഭിച്ച സാമ്പത്തിക സഹായം. പ്രായാധിക്യവും രോഗവും കണക്കിലെടുത്ത് പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കറുപ്പന്‍ ക്യാമ്പില്‍ ജീവിതം തുടരുന്നത്.

Last Updated : Aug 1, 2019, 3:40 AM IST

ABOUT THE AUTHOR

...view details