ഇടുക്കി:''നഷ്‌ടങ്ങളെ ഓർത്ത് പരിതപിക്കുന്നവർക്ക് മാത്രമായിരിക്കും പരിമിതികൾ. അല്ലാത്തവര്‍ നേട്ടം കൊയ്യും''. ഈ വാക്കുകള്‍ ജീവിതം കൊണ്ട് അന്വര്‍ഥമാക്കിയ ആളാണ് എംഎ ജോസ്. ഇരു കാലുകളുമില്ലാതെ, കരാട്ടെ അധ്യാപകനെന്ന നിലയിലാണ് ജോസ് നേട്ടം വരിച്ചത്. വാഹനാപകടത്തില്‍ കാലുകള്‍ നഷ്‌ടപ്പെട്ട ഈ ഇടുക്കി സ്വദേശി മനക്കരുത്തും കൈയൂക്കുംകൊണ്ടാണ് പരിമിതികളെ മറികടക്കുന്നത്.
ഭൂമിയാംകുളം സ്വദേശി എംഎ ജോസെന്ന നാട്ടുകാരുടെ ലാലു മാഷിന്‍റെ ജീവിതം കീഴ്‌മേല്‍ മറിച്ച അപകടം 2018ലായിരുന്നു. ഇരുചക്രവാഹനത്തില്‍ പോകവെ ബസിനടിയില്‍പ്പെട്ടുണ്ടായ അപകടത്തില്‍ തലനാരിഴയ്‌ക്ക് ജീവിതത്തിലേക്ക്. എന്നാല്‍, ഒപ്പം ഇരുകാലുകളുണ്ടായിരുന്നില്ല. മുട്ടിന്‍റെ താഴേയ്‌ക്ക് മുറിച്ചുകളയേണ്ടി വരുമെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചപ്പോഴും ഇദ്ദേഹം പതറിയില്ല. കാലുകൾ ഇല്ലെങ്കിലും പൊരുതി മുന്നേറുമെന്ന ആത്മവിശ്വാസമായിരുന്നു ഉള്ളുനിറയെ.
കാലുകള്‍ അപകടമെടുത്തെങ്കിലും ജോസ് മുന്നോട്ട് തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പാഠമാണ് ഈ ജീവിതം :നിലവില്‍ വീൽ ചെയറിൽ ഇരുന്ന് കുട്ടികള്‍ ഉള്‍പ്പടെ നാനൂറോളം പേർക്കാണ് ലാലുമാഷ് കരാട്ടേ പരിശീലനം നല്‍കുന്നത്. ഒപ്പം വനിതകൾക്ക് പഞ്ചഗുസ്‌തി പരിശീലനവും. അപകടത്തിന് മുന്‍പ്, 51ാമത്തെ വയസിൽ കരാട്ടെയിൽ ഫോർത്ത് ഡാൻ ബ്ലാക്ക് ബെൽറ്റ് നേടി തിളങ്ങി നിൽക്കുമ്പോഴുള്ള അതേ ചുറുചുറുക്കുണ്ട് ഇദ്ദേഹത്തിന് ഇപ്പോഴും. ആ സമയത്ത് നൂറ് കണക്കിന് ആളുകൾക്ക് കരാട്ടെ പരിശീലനം നല്‍കിയിരുന്നതെങ്കില്‍ ഇന്നത് 400 ആയി. കണക്കുകള്‍ ചൂണ്ടിക്കാട്ടും ലാലു ജീവിച്ചുകാട്ടുന്നത് എങ്ങനെയെന്ന്.
കൂട്ടിന് വലിയ പിന്തുണയുമായി ഭാര്യ ജിൻസി ഒപ്പമുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷം പഞ്ചഗുസ്‌തി ദേശീയതല മത്സരത്തിലടക്കം ചാമ്പ്യനാണ് ജിന്‍സി. ഹൈഡ്രോളിക് കാലുകൾ ഉപയോഗിച്ച് നടക്കാനുള്ള ശ്രമവും ലാലു നടത്തുന്നുണ്ട്. നഷ്‌ടങ്ങളെക്കുറിച്ച് ഓർത്തിരിക്കാതെ മുന്നേറാനുള്ള വഴികള്‍ തേടുകയാണ് വേണ്ടതെന്ന് ഈ മനക്കരുത്തിന്‍റെ ആള്‍രൂപം നമ്മെ പഠിപ്പിക്കുന്നു.