ഇടുക്കി: കാന്തിപ്പാറ വില്ലേജ് ഓഫിസ് സേനാപതിയിലേക്ക് മാറ്റാനുള്ള തീരുമാനം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതി ജില്ലാ കലക്ടർക്ക് നിവേദനം നൽകി. ഓഫിസ് ആധുനികവൽക്കരണത്തിന്‍റെ ഭാഗമായിട്ടാണ് കാന്തിപ്പാറ വില്ലേജ് ഓഫിസ് സേനാപതിയിലേക്ക് മാറ്റാൻ തീരുമാനമായത്. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെടുന്നത് കാന്തിപ്പാറ വില്ലേജിലാണ്. നിലവിൽ പഞ്ചായത്തിന്‍റെ മധ്യഭാഗമായ മാങ്ങാത്തൊട്ടിയിൽ പ്രവർത്തിക്കുന്ന കാന്തിപ്പാറ വില്ലേജ് ഓഫിസ് ശാന്തൻപാറ, രാജകുമാരി വില്ലേജുകളുടെ അതിർത്തിയിലേക്ക് മാറ്റുന്നത് ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാകും എന്നാണ് പഞ്ചായത്തിന്‍റെ വാദം.
കാന്തിപ്പാറ വില്ലേജ് ഓഫിസ് ; പഞ്ചായത്ത് ഭരണ സമിതി ജില്ലാ കലക്ടർക്ക് നിവേദനം നൽകി
ആധുനികവൽക്കരണം നടത്തുന്നതിന് മാങ്ങാത്തൊട്ടിയിലെ ഓഫിസിൽ സ്ഥലപരിമിതിയുള്ളതിനാൽ സേനാപതി ടൗണിന് സമീപം പുതിയ കെട്ടിടം നിർമിക്കാനാണ് റവന്യു വകുപ്പിന്‍റെ നീക്കം.
ആധുനികവൽക്കരണം നടത്തുന്നതിന് മാങ്ങാത്തൊട്ടിയിലെ ഓഫിസിൽ സ്ഥലപരിമിതിയുള്ളതിനാൽ സേനാപതി ടൗണിന് സമീപം പുതിയ കെട്ടിടം നിർമിക്കാനാണ് റവന്യു വകുപ്പിന്‍റെ നീക്കം. എന്നാൽ മാങ്ങാത്തൊട്ടിയിൽ പുതിയ വില്ലേജ് ഓഫിസ് നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം സൗജന്യമായി റവന്യു വകുപ്പിന് നൽകാൻ തയ്യാറാണെന്ന് മാങ്ങാത്തൊട്ടി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗാന്ധിജി മെമ്മോറിയൽ ഡെവലപ്‌മെന്‍റ് ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. സൗജന്യമായി ഭൂമി ലഭ്യമാക്കിയിട്ടും വില്ലേജ് ഓഫിസ് പഞ്ചായത്ത് അതിർത്തിയിലേക്ക് മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്ന് സേനാപതി പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് തോമസ് പറഞ്ഞു.