ഇടുക്കി: തുടർച്ചയായി പെയ്യുന്ന മഴയിൽ ദുരിതത്തിലായി ഇടുക്കിയിലെ വെളുത്തുള്ളി കർഷകർ. ശീതകാല പച്ചക്കറികളുടെ കലവറയായ മറയൂരിലെ കാന്തലൂരിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ വ്യാപകമായ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്‌തത്. കാന്തല്ലൂരില്‍ 100 ഏക്കറിലധികം കൃഷി ചെയ്‌തിരിക്കുന്ന വെളുത്തുള്ളി പാകമാകും മുന്‍പ് മഴവെള്ളം കെട്ടിക്കിടന്ന് പാടത്ത് ചീഞ്ഞു നശിക്കുകയാണ്.
ദുരിതത്തിലായി വെളുത്തുള്ളി കർഷകർ
സീസൺ അനുസരിച്ച് കാന്തല്ലൂരില്‍ വെളുത്തുള്ളി കൃഷിയിറക്കുന്ന കർഷകരാണ് പ്രതിസന്ധിയിലായത്. ഒരു മാസം കൂടി പിന്നിട്ടാൽ വിളവെടുപ്പിന് പാകമാകുന്ന കൃഷിയാണ് മഴ കവർന്നത്. മഴവെള്ളം കെട്ടികിടന്നും ശക്‌തമായ കാറ്റിൽ തണ്ടുകൾ ഒടിഞ്ഞതും മഞ്ഞിറങ്ങിയതുമാണ് കൃഷി വ്യാപകമായി നശിക്കുവാൻ ഇടയാക്കിയത്. ഇനിയും തുടര്‍ച്ചയായി മഴ തുടർന്നാൽ പൂര്‍ണമായും കൃഷി നശിക്കുമെന്ന ഭീതിയിലാണ് കര്‍ഷകര്‍.