ഇടുക്കി : കാഞ്ചിയാറിലെ യുവതിയുടെ കൊലപാതകത്തിൽ അന്വേഷണം പൂർത്തിയാക്കി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ കട്ടപ്പന കോടതിയിൽ കുറ്റപത്രം നൽകിയത്. അധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ബിജേഷിനെ പൊലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ മാർച്ച് 21നാണ് അനുമോളെ സ്വന്തം വീടിനുളളിലെ കട്ടിലിനടിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ സ്വന്തം ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ് ഒളിപ്പിച്ച ശേഷം ഭർത്താവ് ബിജേഷ് മുങ്ങുകയായിരുന്നു. ഒരാഴ്‌ചത്തെ തെരച്ചിലിനൊടുവിൽ കുമളിയിൽ നിന്നും ബിജേഷിനെ പൊലീസ് പിടികൂടി.
കൃത്യം നടത്തിയതിന് ശേഷം തമിഴ്‌നാട്ടിൽ പലയിടങ്ങളിലായി ഒളിവിൽ താമസിച്ച് വരികയായിരുന്നു ഇയാൾ. തുടർന്ന് തിരികെ അതിർത്തി മേഖലയിൽ എത്തിയപ്പോഴായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്. കാഞ്ചിയാർ പേഴുംകണ്ടത്തെ വീട്ടിൽ വച്ചായിരുന്നു അരുംകൊല നടത്തിയത്.
കുടുംബ പ്രശ്‌നവും സാമ്പത്തിക തർക്കവുമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. കൊലപാതകം നടന്ന വീട്ടിൽ നിന്നും മൃതദേഹത്തിൽ നിന്നും ഉൾപ്പെടെ ലഭിച്ചിട്ടുള്ള വിരലടയാളങ്ങൾ, അനുമോളുടെ സ്വർണം പണയപ്പെടുത്തിയ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച തെളിവുകൾ, പ്രതി ഒളിവിൽ പോയപ്പോഴത്തെ സിസിടിവി ദൃശ്യങ്ങൾ, ഫോറൻസിക് റിപ്പോർട്ട് തുടങ്ങിയയെല്ലാം പൊലീസ് ശേഖരിച്ചിരുന്നു. പ്രതി ബിജേഷിനെ സംഭവ സ്ഥലത്തും ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചും തെളിവെടുത്തിരുന്നു.
Also read :അനുമോളെ കൊന്നത് കഴുത്തില്‍ ഷാൾ കുരുക്കി, മൃതദേഹത്തിനൊപ്പം വീട്ടില്‍ കഴിഞ്ഞു: തെളിവെടുപ്പിലും ഭാവവ്യത്യാസമില്ലാതെ ബിജേഷ്
കൊലപാതകത്തിന് ശേഷം അനുവിനെ കാണാതായെന്ന് യുവതിയുടെ ബന്ധുക്കളെയടക്കം തെറ്റിദ്ധരിപ്പിച്ചാണ് പ്രതി മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്നത്. സംശയം തോന്നാതെയിരിക്കാനായി ഭാര്യയെ കാണാനില്ലെന്ന് ഇയാൾ പൊലീസിൽ പരാതിയും നൽകിയിരുന്നു.
അഞ്ച് വയസുകാരിയായ മകള്‍ ഉറങ്ങിയ സമയത്തായിരുന്നു കഴുത്തില്‍ ഷാള്‍ കുരുക്കി വത്സമ്മയെന്ന അനുമോളെ ബിജേഷ് കൊലപ്പെടുത്തിയത്. തെളിവെടുപ്പിനായി പ്രതിയെ വീട്ടിലെത്തിച്ചപ്പോൾ യാതൊരു കുറ്റബോധവും ഇല്ലാതെയാണ് ഇയാൾ കൃത്യം വിവരിച്ചത്. ബിജേഷ് മദ്യപിച്ച് സ്ഥിരം അനുമോളെ ഉപ്രദവിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടി യുവതി വനിത സെല്ലില്‍ പരാതി നല്‍കിയിരുന്നു.
മാർച്ച് 17ന് രാത്രി 9.30ഓടെയാണ് സംഭവം നടന്നത്. സ്‌കൂളില്‍ അടയ്ക്കാനുള്ള പണം, അനുമോള്‍ ബിജേഷിനോട് തിരികെ ചോദിച്ചതോടെയാണ് വഴക്ക് ആരംഭിച്ചത്. വാക്ക് തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
ഹാളില്‍ കസേരയില്‍ ഇരിയ്ക്കുകയായിരുന്ന യുവതിയുടെ കഴുത്തില്‍ ഷാള്‍ കുരുക്കി ബിജേഷ് കൊലപ്പെടുത്തി. ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ അനുമോളുടെ കൈ ഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയും ചെയ്‌തു. പിന്നീട് മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ചു.
തൊട്ടടുത്ത ദിവസം രാവിലെ, സ്വന്തം മാതാപിതാക്കളെയും അനുമോളുടെ മാതാപിതാക്കളെയും, ഭാര്യ ഒളിച്ചോടിയെന്ന് തെറ്റിദ്ധരിപ്പിച്ചു. അനുമോളുടെ അച്ഛനും അമ്മയ്ക്കുമൊപ്പം കട്ടപ്പന പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്‌തു.
തുടർന്ന് മാർച്ച് 21ന് അനുമോളുടെ മൃതദേഹം വീട്ടില്‍ നിന്നും കണ്ടെത്തി. ഈ ദിവസങ്ങളിലെല്ലാം, ബിജേഷ് ഇതേ വീട്ടില്‍ കഴിഞ്ഞു എന്നാണ് പൊലീസ് പറയുന്നത്. ദുര്‍ഗന്ധം പുറത്തേയ്ക്ക് വരാതിരിയ്ക്കാന്‍ സാമ്പ്രാണിത്തിരി കത്തിച്ചുവക്കുകയും ചെയ്‌തു. അനുമോളുടെ സ്വര്‍ണം ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച് കിട്ടിയ പതിനൊന്നായിരം രൂപയും മൊബൈല്‍ വിറ്റു കിട്ടിയ പണവുമായാണ് ബിജേഷ് ഒളിവിൽ പോയത്.