കേരളം

kerala

ETV Bharat / state

വാനരപ്പടയെ തുരത്തി 'ചൈനീസ് പാറാവുകാര്‍'; റബ്ബര്‍ പാമ്പ് തന്ത്രം ഫലിച്ച സന്തോഷത്തില്‍ പൊലീസുകാര്‍

വാനരക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി അതിക്രമം കാട്ടുന്നത് വര്‍ധിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ റബ്ബര്‍ പാമ്പ് തന്ത്രമിറക്കിയത്. സമീപ പ്രദേശത്തെ കൃഷിയിടത്തിലിറക്കിയ വിദ്യ പൊലീസുകാര്‍ സ്റ്റേഷനിലും പരീക്ഷിക്കുകയായിരുന്നു

By

Published : Sep 16, 2022, 11:55 AM IST

Kambammettu police station  rubber snakes protection from monkeys  റബ്ബര്‍ പാമ്പ് തന്ത്രം  റബ്ബര്‍ പാമ്പ്  പൊലീസ് സ്റ്റേഷനില്‍ അതിക്രമം  Violence at the police station  ചൈനീസ് റബ്ബര്‍ പാമ്പുകള്‍  Chinese rubber snakes
വാരനപ്പടയെ തുരത്തി 'ചൈനീസ് പാറാവുകാര്‍'; റബ്ബര്‍ പാമ്പ് തന്ത്രം ഫലിച്ച സന്തോഷത്തില്‍ പൊലീസുകാര്‍

ഇടുക്കി:കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തുന്ന ആരുമൊന്ന് ഭയക്കും. കാരണം, സ്റ്റേഷന്‍റെ പരിസര പ്രദേശങ്ങള്‍ നിറയെ പാമ്പുകളാണ്. വിവിധ വലിപ്പത്തിലും നിറത്തിലുമുള്ളവ. പരാതി നല്‍കാന്‍ വരുന്നവരെയല്ല വാനരപ്പടയെ ലക്ഷ്യംവച്ചാണ് ഈ 'ചൈനീസ് പാറാവുകാര്‍' സ്റ്റേഷന്‍ പരിസരം കീഴടക്കിയിരിക്കുന്നത്.

വാരനപ്പടയെ തുരത്താന്‍ റബ്ബര്‍ പാമ്പ്

കേരള - തമിഴ്‌നാട് അതിർത്തിയോട് ചേർന്നാണ് കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്ത് തമിഴ്‌നാട് വനഭൂമിയാണ്. ഇവിടെ നിന്നും എത്തുന്ന വാനരക്കൂട്ടം സ്റ്റേഷനും പരിസരവാസികൾക്കും ഉണ്ടാക്കുന്ന ശല്യം ചെറുതല്ല. ഇതോടെയാണ് വാനരക്കൂട്ടത്തെ തുരത്താൻ ഉദ്യോഗസ്ഥര്‍ സ്റ്റേഷൻ്റെ മുൻവശത്തും സമീപത്തെ മരങ്ങളിലും ചൈനീസ് റബ്ബര്‍ പാമ്പുകളെ വച്ചത്.

ഉടുമ്പൻചോലയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ കുരങ്ങന്മാരുടെ ശല്യം നിയന്ത്രിക്കാൻ ചൈനീസ് പാമ്പുകളെ ഉപയോഗിച്ചതായുള്ള വാർത്തകൾ കണ്ടതിനെ തുടർന്നാണ് പൊലീസ് സ്റ്റേഷൻ പരിസരത്തും ഈ തന്ത്രമിറക്കിയത്. ചൈനീസ് പാമ്പുകളെത്തിയതോടെ പൊലീസ് സ്റ്റേഷനില്‍ നിലവില്‍ കുരങ്ങന്‍മാരുടെ ആക്രമമുണ്ടാവുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

സ്റ്റേഷൻ വളപ്പിലെ പ്ലാവിൽ ചക്ക പഴുക്കുന്നതോടെ വാനരക്കൂട്ടമെത്താറുണ്ടായിരുന്നു. ചക്കക്കുരു സ്റ്റേഷൻ വളപ്പിലേക്ക് എറിയുന്നതും പതിവായിരുന്നു. റബ്ബര്‍ പാമ്പ് കളത്തിലിറങ്ങിയതോടെ സമീപത്തെ കർഷകരുടെ വിളകളും ആഹാരസാധനങ്ങളും വസ്‌ത്രങ്ങളും കുരങ്ങുകള്‍ നശിപ്പിക്കുന്ന സാഹചര്യം ഒഴിവായെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍.

ABOUT THE AUTHOR

...view details