കേരളം

kerala

ETV Bharat / state

കൗതുകവും സാഹസവും ഇഴചേരുന്ന ചരിത്രശേഷിപ്പ് ; ഇടുക്കിയിലെ 'തോട്ടാപ്പുര' അവഗണനയുടെ വക്കിൽ

Kallarkutty Thottapura : കല്ലാര്‍കുട്ടി അണക്കെട്ടിന്‍റെ നിര്‍മ്മാണകാലത്ത് പാറപൊട്ടിക്കാനും മറ്റുമുള്ള മരുന്നും അനുബന്ധ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന സ്ഥലമായിരുന്നു തോട്ടാപ്പുര. പിന്നീട് ഈ പ്രദേശത്തിന്‍റെ പേര് തന്നെ അതായി.

Kallarkutty Thottapura  കല്ലാര്‍കുട്ടി തോട്ടാപ്പുര  ഇടുക്കി തോട്ടാപ്പുര  Kallarkutty Tourism
Kallarkutty Thottapura on the Brink of Neglect

By ETV Bharat Kerala Team

Published : Jan 17, 2024, 10:21 AM IST

കല്ലാര്‍കുട്ടിയിലെ ചരിത്രശേഷിപ്പായ തോട്ടാപ്പുര വിനോദസഞ്ചാര കേന്ദ്രമാക്കണമെന്ന് നാട്ടുകാർ

ഇടുക്കി :ജില്ലയില്‍ ആരാരും ശ്രദ്ധിക്കാതെ കിടക്കുന്ന ചരിത്ര അവശേഷിപ്പാണ് കല്ലാര്‍കുട്ടിക്ക് സമീപമുള്ള തോട്ടാപ്പുര. പവര്‍ ഹൗസിന്‍റെയും അണക്കെട്ടിന്‍റെയും നിര്‍മ്മാണകാലത്ത് പാറ പൊട്ടിക്കാനും മറ്റുമുള്ള മരുന്നും അനുബന്ധ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന സ്ഥലമായിരുന്നു തോട്ടാപ്പുര. പിന്നീട് കല്ലാര്‍കുട്ടിയുമായി ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശത്തിന്‍റെ പേര് തന്നെ തോട്ടാപ്പുരയെന്നായി മാറുകയായിരുന്നു. ഒറ്റനോട്ടത്തില്‍ തോട്ടാപ്പുരയില്‍ കാണുന്ന വലിയ പാറയ്ക്ക‌ടിയില്‍ ചരിത്രം അവശേഷിപ്പിച്ച ഒരു നിര്‍മ്മിതിയുണ്ടെന്ന് അധികമാര്‍ക്കും അറിവില്ല. (Kallarkutty Thottapura).

കല്ലാര്‍കുട്ടി വെള്ളത്തൂവല്‍ റോഡ് കടന്നുപോകുന്നത് പാറയ്ക്കു‌ള്ളിലെ ഈ ചരിത്രാവശേഷിപ്പിന്‍റെ മുകളിലൂടെയാണ്. പാതയോരത്തുനിന്ന് പടിക്കെട്ടുകള്‍ ഇറങ്ങി താഴ്ഭാഗത്തെത്തിയാല്‍ മീറ്ററുകളോളം ഉള്ളിലേക്ക് പാറ തുരന്ന് നിര്‍മ്മിച്ചിട്ടുള്ള വലിയൊരു തുരങ്കം കാണാം. തുരങ്കത്തിനുള്ളിലൂടെ ഏതാനും മീറ്ററുകള്‍ സഞ്ചരിച്ചാല്‍ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന വിശാലമായ വലിയ രണ്ട് മുറികള്‍ക്കുള്ളില്‍ എത്തും. ചരിത്രമുറങ്ങുന്ന തോട്ടാപ്പുരയെ പ്രാധാന്യം നല്‍കി സംരക്ഷിച്ച് വിനോദ സഞ്ചാരവുമായി ബന്ധിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

നിലവില്‍ തോട്ടാപ്പുര അവഗണനയ്ക്ക്‌ നടുവിലാണ്. കൂരാക്കൂരിരുട്ട് നിറഞ്ഞ ഗുഹക്കുള്ളില്‍ വവ്വാലുകള്‍ സ്വൈര്യവിഹാരം നടത്തുന്നു. പ്രവേശന കവാടത്തില്‍ ചെളിയും വെള്ളക്കെട്ടുമാണ്. ബന്ധപ്പെട്ട വകുപ്പുകള്‍ ചരിത്ര പ്രധാന്യം നല്‍കി തോട്ടാപ്പുരക്ക് സംരക്ഷണം ഒരുക്കിയാല്‍ വിനോദ സഞ്ചാരികളെ ഇവിടേക്കാകര്‍ഷിക്കാനാകും.

Also Read:കല്ലാര്‍കുട്ടിയില്‍ തൂക്കുപാലം വേണം ; ആവശ്യം വീണ്ടും ശക്തമാകുന്നു, മഴക്കാല യാത്ര ക്ലേശകരമെന്ന് നാട്ടുകാര്‍

പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയാല്‍ മെച്ചപ്പെട്ട വരുമാനം ലഭിക്കുമെന്നതിനപ്പുറം ചരിത്രമുറങ്ങുന്നൊരു നിര്‍മ്മിതിക്ക് അര്‍ഹമായ പരിഗണനയും ലഭിക്കും. പാതയോരത്തുനിന്ന് ഇവിടേക്കെത്താനുള്ള പടിക്കെട്ടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുകയും വിളക്കുകള്‍ ക്രമീകരിച്ച് തോട്ടാപ്പുരയുടെ ഉള്‍വശം പ്രകാശമാനമാക്കുകയും ചെയ്‌താല്‍ ഈ ചരിത്രാവശേഷിപ്പിനെ സഞ്ചാരികള്‍ക്ക് അനുഭവേദ്യമാക്കാം. പ്രവേശന കവാടം കൂടി ആകര്‍ഷണീയമാക്കിയാല്‍ അത് പ്രദേശത്തിന്‍റെ വിനോദ സഞ്ചാര സാധ്യതക്കളിലേക്ക് വഴി തുറക്കും.

ABOUT THE AUTHOR

...view details