ഇടുക്കി: പൊതുവിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറി കൊണ്ടിരിക്കുന്ന കല്ലാര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കൻഡറി സ്‌കൂളിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ഉദ്‌ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. രാവിലെ 10 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്‌ഘാടനം. ജില്ലയിലെ മികച്ച പി.ടി.എ.യ്ക്ക് ഉള്ള പുരസ്‌കാരം നേടിയതിന്‍റെ പുരസ്‌കാര നിര്‍വ്വഹണം ഉദ്‌ഘാടന ചടങ്ങില്‍ മന്ത്രി എം.എം മണി നിര്‍വ്വഹിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യുവ-ശാസ്ത്ര പ്രതിഭകളെ വളര്‍ത്തിയെടുക്കുന്ന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചിരിക്കുന്ന ലാബിന്‍റെ നിര്‍മാണോദ്‌ഘാടനവും ഇതോടൊപ്പം നടത്തും.
കല്ലാര്‍ ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂൾ പുതിയ കെട്ടിടത്തിന്‍റെ ഉദ്‌ഘാടനം നാളെ - idukki
കിഫ്‌ബി ഫണ്ടില്‍ നിന്നും അഞ്ച് കോടി രൂപ മുതല്‍ മുടക്കിയാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്

ഉടുമ്പന്‍ചോല താലൂക്കില്‍ നിന്നും മികവിന്‍റെ കേന്ദ്രമായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്ത വിദ്യാലയമാണ് കല്ലാര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കൻഡറി സ്‌കൂൾ. കിഫ്‌ബി ഫണ്ടില്‍ നിന്നും അഞ്ച് കോടി രൂപ മുതല്‍ മുടക്കിയാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്നതും പാഠ്യ-പാഠ്യേതര രംഗങ്ങളിലെ തുടര്‍ച്ചയായ മികവുകളുമാണ് മികവിന്‍റെ കേന്ദ്രമായി ഈ സ്‌കൂളിനെ തെരഞ്ഞെടുക്കാന്‍ കാരണം.
മൂന്ന് നിലകളിലായി 24 ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ഓഫീസ് റൂം, സ്റ്റാഫ് റൂം, ആധുനിക ടോയ്‌ലറ്റ് സമുച്ചയങ്ങള്‍ എന്നിവയാണ് പുതിയ കെട്ടിടത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. മോഹനന്‍, പി.ടി.എ പ്രസിഡന്‍റ് ടി.എം ജോൺ ഉൾപ്പെടെയുള്ളവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.