ഇടുക്കി: സവിശേഷമായ പലതും ഒളിപ്പിച്ചിട്ടുണ്ട് ഇടുക്കിയിലെ ഓരോ ഗ്രാമങ്ങളും. ഇത്തരത്തിൽ നിരവധി കാഴ്‌ചകൾ നിറഞ്ഞ പ്രദേശമാണ് കൈലാസപ്പാറ മലനിരകൾ. വിശാലമായ പുല്‍മേടിന് നടുവില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പാറകെട്ട്. വശങ്ങളിൽ സഹ്യപര്‍വത നിരയുടെ വിദൂര കാഴ്‌ചകള്‍. ഏലവും തേയിലയും കുരുമുളകും വിളയുന്ന കൃഷിയിടങ്ങൾ.. താഴ്‌വാരത്തില്‍ മലയോര പട്ടണമായ നെടുങ്കണ്ടത്തിന്‍റെ ദൃശ്യം.. അങ്ങനെ ധാരാളം കാഴ്‌ചകളുണ്ട് നെടുങ്കണ്ടത്തെ കൈലാസപ്പാറയിൽ.
വശങ്ങളിൽ സഹ്യനും വിശാലമായ ആകാശവും; പോകാം കൈലാസപ്പാറയിലേയ്ക്ക്.. - ഇടുക്കി നെടുങ്കണ്ടം കൈലാസപ്പാറ
മലനിരകള്‍ക്കപ്പുറത്തേക്ക് സൂര്യന്‍ താഴ്ന്നിറങ്ങുന്ന അസ്‌തമയ ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ ധാരാളം സഞ്ചാരികളാണ് നെടുങ്കണ്ടത്തെ കൈലാസപ്പാറയിലേക്ക് എത്തുന്നത്.
സഹ്യപര്‍വത നിരയിലെ ഒബ്‌സര്‍വേറ്ററി മലനിരകളുടെ ഭാഗമാണ് കൈലാസപ്പാറ. വിശാലമായ ആകാശ കാഴ്‌ച ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആകാശം തെളിഞ്ഞ രാത്രികളില്‍ നിരവധി ഗോളങ്ങളെ ഇവിടെ നിന്നും വീക്ഷിക്കാനാവും. വൈവിധ്യമാര്‍ന്ന അസ്‌തമയ കാഴ്‌ച ലഭ്യമാകുന്ന പ്രദേശമാണിവിടം. ചെങ്കിരണങ്ങള്‍ പുല്‍മേട്ടിലെ പൂക്കളെ അതിമനോഹരമാക്കും. ഇടുക്കിയിലെ മലനിരകളില്‍ പെയ്തിറങ്ങുന്ന നാല്‍പതാം നമ്പര്‍ മഴയും നൂല്‍ മഴയുമൊക്കെ ഏറ്റവും ഹൃദ്യമായി കൈലാസപ്പാറയിൽ ആസ്വദിക്കാം.
സായന്തന കാഴ്ചകള്‍ തേടിയാണ് സഞ്ചാരികൾ അധികവും എത്തുന്നത്. തേക്കടിയും മൂന്നാറും രാമക്കല്‍മേടും ആസ്വദിക്കാനെത്തുന്നവര്‍ അസ്‌തമയ കാഴ്‌ചകള്‍ തേടി കൈലാസപ്പാറയില്‍ എത്തുന്നുണ്ട്. കേട്ടറിഞ്ഞെത്തുന്നവരാണ് കൂടുതലും. സഞ്ചാരികളുടെ ഒഴുക്ക് വർധിക്കുന്നതോടെ കൈലാസപ്പാറയും പ്രശസ്‌തമാകും..