ഇടുക്കി:നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പുത്തന്‍പുരയ്ക്കല്‍ രതീഷിനും സൗമ്യക്കും രണ്ട് പെണ്‍മക്കള്‍ക്കും ജനകീയസമിതിയുടെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകി. രതീഷും ഭാര്യയും കൊച്ചു കുട്ടികളുമടക്കമുള്ള കുടുംബം കഴിഞ്ഞിരുന്നത് പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയ താല്‍കാലിക ഷെഡിലായിരുന്നു.
ഇടുക്കിയിൽ നിർധന കുടുംബത്തിന് വീട് വെച്ച് നൽകി ജനകീയ സമിതി - nedumkandam people build house for poor family
ഇടുക്കി നെടുങ്കണ്ടത്ത് പ്ലാസ്റ്റിക് കൊണ്ട് മറച്ച കൂരയില്‍ ദുരിത ജീവിതം നയിച്ചിരുന്ന നിര്‍ധന കുടുംബത്തിനാണ് ജനകീയ സമിതി വീട് വെച്ച് നൽകിയത്

മഹാ പ്രളയത്തില്‍ രതീഷ് താമസിച്ചിരുന്ന വീടിന് സമീപത്ത് നിന്ന് മണ്ണ് ഒലിച്ച് പോയി വീട് അപകടാവസ്ഥയിലാകുകയായിരുന്നു. തുടര്‍ന്ന് കുടുംബം ദുരിതാശ്വാസ ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്. പിന്നീട് പ്ലാസ്റ്റിക് പടുത കൊണ്ട് മറച്ച താത്കാലിക ഷെഡ് ഒരുക്കി ഇവര്‍ അവിടേയ്ക്ക് താമസം മാറ്റി. സ്‌കൂള്‍ വിദ്യാര്‍ഥികകളായ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള കുടുംബമാണ് അസൗകര്യങ്ങള്‍ക്ക് നടുവില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ മുന്‍പ് താമസിച്ചിരുന്ന വീട് വാസ യോഗ്യമല്ലെന്ന് റവന്യു അധികൃതര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നെങ്കിലും ലൈഫ് പദ്ധതിയില്‍ പോലും ഉള്‍പ്പെടുത്തി വീട് നല്‍കാന്‍ തയ്യാറായിട്ടില്ല. രതീഷും സൗമ്യയും കൂലിവേലയ്ക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നത്. ശുചിമുറിപോലും അനുവദിച്ച് നല്‍കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല.
കുടുബത്തിന്‍റെ അവസ്ഥ അറിഞ്ഞ് നെടുങ്കണ്ടത്തെ പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജനകീയ സമിതി രൂപീകരിച്ച് വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വീടിന്‍റെ താക്കോൽ ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യാ പൗലോസ് നിർവ്വഹിച്ചു. നാലേ മുക്കാൽ ലക്ഷം രൂപ ചെലവിലാണ് വീട് നിർമിച്ചത്. ഹാൾ, അടുക്കള, ശുചി മുറികൾ, കിടപ്പുമുറികൾ, പോർച്ച് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.