ഇടുക്കി:പൊന്മുടി ജലാശയത്തിനു സമീപത്തെ സർക്കാർ ഭൂമി ടൂറിസം പദ്ധതിക്കായി നൽകിയതിൽ വൻ ക്രമക്കേട് നടന്നതായി ഡിസിസി പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി കല്ലാർ. പൊന്മുടി ടൂറിസം മേഖല സന്ദർശിച്ച ശേഷം ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഭൂമി സഹകരണ ബാങ്കിന് പാട്ടത്തിന് നൽകി; വന്‍ക്രമക്കേടെന്ന് ഇബ്രാഹിം കുട്ടി കല്ലാര്‍ - ഇബ്രാഹിം കുട്ടി കല്ലാർ
വൈദ്യുതി മന്ത്രി എം എം മണിയുടെ മകളുടെ ഭര്‍ത്താവ് അധ്യക്ഷനായ രാജാക്കാട് സഹകരണ ബാങ്കിന് ഭൂമി കൈമാറിയതാണ് വിവാദമായിരിക്കുന്നത്
വൈദ്യുതി ബോര്‍ഡിന്‍റെ നിയന്ത്രണത്തിലുള്ള ഇടുക്കി ജില്ലയിലെ 21 ഏക്കര്‍ ഭൂമി സഹകരണ ബാങ്കിന് ക്രമവിരുദ്ധമായി പാട്ടത്തിന് നല്‍കിയതായാണ് പരാതി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി വിനോദസഞ്ചാര പദ്ധതിക്കായി വൈദ്യുതി മന്ത്രി എം എം മണിയുടെ മകളുടെ ഭര്‍ത്താവ് അധ്യക്ഷനായ രാജാക്കാട് സഹകരണ ബാങ്കിന് കൈമാറിയതാണ് വിവാദമായിരിക്കുന്നത്.
സര്‍ക്കാര്‍ ഭൂമി എന്താവശ്യത്തിനാണോ കൈമാറിയത് അതിനു മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ചട്ടം. എന്നാൽ ഇതു ലംഘിച്ച് ഈ ഭൂമി അമ്യൂസ്മെന്‍റ് പാര്‍ക്ക് നിര്‍മിക്കുന്നതിനായി 15 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയെന്നാണ് ആരോപണം.
കഴിഞ്ഞ വര്‍ഷം മെയിൽ മന്ത്രി എം എം മണിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന കേരള ഹൈഡൽ ടൂറിസം സെന്‍ററിന്‍റെ ഭരണസമിതി യോഗത്തിൽ വൈദ്യുതി ബോര്‍ഡിന്‍റെ കൈവശമുള്ള ഭൂമിയിൽ സഹകരണ സംഘങ്ങളുടെയോ ബാങ്കുകളുടെയോ സഹായത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങാൻ തീരുമാനമെടുത്തത്. ഇടുക്കി ജില്ലയിൽ പന്നിയാര്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്മുടി അണക്കെട്ടിന് സമീപം വൈദ്യുതി ബോര്‍ഡിന് 76 ഏക്കര്‍ സ്ഥലമാണുള്ളത്. ഇതിൽ 21 ഏക്കറിൽ അമ്യൂസ്മെന്‍റ് പാര്‍ക്ക് തുടങ്ങാനാകുമെന്ന ഹൈഡൽ ടൂറിസം സെന്‍ററിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് പദ്ധതിക്ക് ടെൻഡര്‍ വിളിച്ചത്. അഞ്ച് കോടി മുതൽ പത്ത് കോടി രൂപ വരെ ചെലവ് വരുന്ന പദ്ധതിയ്ക്കായി ടെൻഡറിൽ പങ്കെടുത്ത മൂന്ന് സഹകരണ സംഘങ്ങളിൽ നിന്ന് രാജാക്കാട് സഹകരണ ബാങ്കിനെ തെരഞ്ഞെടുക്കുകയായിരുന്നു. 15 ശതമാനം വരുമാനം വൈദ്യുതി ബോര്‍ഡിനും അഞ്ച് ശതമാനം വരുമാനം ഹൈഡൽ ടൂറിസം സെന്‍ററിനും കൈമാറാമെന്ന വ്യവസ്ഥയിൽ ഹൈഡൽ ടൂറിസം സെന്‍ററിന്‍റെ ആവശ്യപ്രകാരം ഭൂമി കൈമാറുകയായിരുന്നു. ഫെബ്രുവരി 28ന് വൈദ്യുതി ബോര്‍ഡ് ഇത് അംഗീകരിച്ചതോടെ സെപ്റ്റംബര്‍ ഏഴിന് പദ്ധതിക്ക് തറക്കല്ലിടുകയും ചെയ്തു.